കോഴിക്കോട്: ശാസ്ത്രജ്ഞനും പത്മഭൂഷണ്‍ അവാര്‍ഡ് ജേതാവുമായ നമ്പി നാരായണനെതിരായ മുന്‍ ഡി.ജി.പി സെന്‍കുമാറിന്റെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്ക് പരാതി. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കേയിലാണ് ആണ് പരാതി നല്‍കിയത്.
നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് സെന്‍കുമാറിന്റെ പരാമര്‍ശമെന്ന് പരാതിയില്‍ പറയുന്നു. നമ്പി നാരായണന് പത്മഭൂഷണ്‍ അവാര്‍ഡ് നല്‍കിയതിനെതിരെ സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു.
പുരസ്‌കാരത്തിനായി നമ്പി നാരായണന്‍ നല്‍കിയ സംഭാവന എന്താണെന്ന് അവാര്‍ഡ് നല്‍കിയവര്‍ വിശദീകരിക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു.
ശരാശരിയില്‍ താഴെയുള്ള ഒരു ശാസ്ത്രജ്ഞനാണ് നമ്പി നാരായണനെന്നും ചാരക്കേസ് കോടതി നിയോഗിച്ച സമിതി പരിശോധിക്കുകയാണെന്നും ടി പി സെന്‍കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.
സമിതി റിപ്പോര്‍ട്ട് നല്‍കും വരെ നമ്പി നാരായണന്‍ സംശയത്തിന്റെ നിഴലില്‍ തന്നെയാണെന്നും ഇങ്ങനെ പോയാല്‍ മറിയം റഷീദയ്ക്കും ഗോവിന്ദച്ചാമിക്കും അവാര്‍ഡ് നല്‍കേണ്ടി വരുമെന്നും ടി.പി സെന്‍കുമാര്‍ പരിഹസിച്ചിരുന്നു.
അതേസമയം സെന്‍കുമാര്‍ ആരുടെ ഏജന്റാണെന്ന് അറിയില്ലെന്നും തനിക്കെതിരെ തെളിവുണ്ടെങ്കില്‍ പുറത്തുവിടണമെന്നുമായിരുന്നു നമ്പി നാരായണന്‍ പ്രതികരിച്ചത്.
ALSO READ: ഭാരതരത്‌നയെ അപമാനിച്ചുവെന്നാരോപണം; ആസാം ഗായകന്‍ സുബീന്‍ ഗാര്‍ഗിനെതിരെ എഫ്.ഐ.ആര്‍
ചാരക്കേസില്‍ ഉദ്യോഗസ്ഥരുടെ പങ്കെന്തെന്ന് അന്വേഷിക്കാനുള്ള ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്ന വെപ്രാളമാണ് സെന്‍കുമാറിനെന്നും നമ്പി നാരായണന്‍ പറഞ്ഞു.
“ഞാന്‍ ഒരു കോടി രൂപ ആവശ്യപ്പെട്ട് നല്‍കിയ മാനനഷ്ടക്കേസിലെ എതിര്‍കക്ഷിയാണ് സെന്‍കുമാര്‍. ചാരക്കേസില്‍ പങ്കുള്ള ഉദ്യോഗസ്ഥരുടെ പങ്കെന്തെന്നുള്ള അന്വേഷണത്തിനിടെ താന്‍ മരിച്ചുപോയാല്‍ ജുഡീഷ്യല്‍ സമിതി അന്വേഷണം നിര്‍ത്തില്ല.”
ഇതില്‍ പങ്കുള്ള സെന്‍കുമാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ അഴിക്കുള്ളിലാകുന്നത് വരെ അന്വേഷണം തുടരുമെന്നും നമ്പി നാരായണന്‍ വ്യക്തമാക്കി.
WATCH THIS VIDEO: