തിരുവനന്തപുരം: കേരള പൊലീസിനും ആഭ്യന്തര വകുപ്പിനും നിര്‍ദേശങ്ങളുമായി മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍. മുഖ്യമന്ത്രി വിളിച്ച മുന്‍ ഡി.ജി.പിമാരുടെ യോഗത്തിലാണ് സെന്‍കുമാര്‍ മുഖ്യമന്ത്രിക്കും പൊലീസിനും നിര്‍ദേശങ്ങളും ശുപാര്‍ശകളും എഴുതി നല്‍കിയത്.
ഐ.പി.എസിലെ അഴിമതിക്കാരെ പ്രധാന സ്ഥലങ്ങളില്‍നിന്ന് അകറ്റി നിര്‍ത്തണമെന്നും സ്റ്റേഷനുകളിലെ പൊലീസ് അസോസിയേഷന്‍ ഭരണം നിയന്ത്രിക്കണമെന്നും സെന്‍കുമാര്‍ കത്തില്‍ വിശദീകരിക്കുന്നു.
എസ്.ഐ മുതല്‍ ഡി.ജി.പി വരെയുളളവര്‍ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമിടയില്‍ മറ്റൊരു അധികാര കേന്ദ്രം ഉണ്ടാകരുതെന്നും സെന്‍കുമാര്‍ പറയുന്നു.
മുഖ്യമന്ത്രിക്ക് നല്‍കുന്ന അതിസുരക്ഷയെ കുറിച്ചും സെന്‍കുമാര്‍ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ സാധാരണക്കാരില്‍നിന്ന് അകറ്റാനുള്ള തന്ത്രമാണിതെന്നും ആംബുലന്‍സും ഫയര്‍ എന്‍ജിനും മുഖ്യമന്ത്രിക്കു പിന്നാലെ ഓടിക്കേണ്ട കാര്യമില്ലെന്നും സെന്‍കുമാര്‍ പറയുന്നു.
മുഖ്യമന്ത്രിക്ക് അതിസുരക്ഷ ഒരുക്കുന്ന പൊലീസ് ഉന്നതരെ സൂക്ഷിക്കണമെന്നും സെന്‍കുമാര്‍ കത്തില്‍ പറയുന്നുണ്ട്.