| Wednesday, 10th May 2017, 1:13 pm

സെന്‍കുമാര്‍ പണി തുടങ്ങി; ബെഹ്‌റ പുറത്തിറക്കിയ ഉത്തരവുകള്‍ റദ്ദാക്കി: എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന ബെഹ്‌റയുടെ നിര്‍ദേശവും അന്വേഷിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൊലീസ് മേധാവി ആയിരിക്കെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇറക്കിയ ചില ഉത്തരവുകള്‍ പുതിയ മേധാവി ടി.പി.സെന്‍കുമാര്‍ റദ്ദാക്കി.

എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക കമ്പനിയുടെ ബ്രൗണ്‍ പെയിന്റ് അടിക്കണമെന്ന ബെഹ്‌റയുടെ വിവാദ ഉത്തരവിനെക്കുറിച്ച് അന്വേഷിക്കാനും സെന്‍കുമാര്‍ ഉത്തരവിട്ടു.

സെന്‍കുമാര്‍ വരുന്നതിനു തൊട്ടുമുന്‍പാണ് എല്ലാ പൊലീസ് സ്റ്റേഷനുകളും ബ്രൗണ്‍ പെയിന്റ് അടിക്കണമെന്നു ബെഹ്‌റ ഉത്തരവിട്ടത്. ഒരു കമ്പനിയുടെ പ്രത്യേക ബ്രാന്‍ഡും ഇതില്‍ നിര്‍ദേശിച്ചിരുന്നു.

ഈ ഉത്തരവിനെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസ് ആസ്ഥാനത്തെ അഡീഷനല്‍ എ.ഐ.ജി ഹരിശങ്കറിനെയാണു ചുമതലപ്പെടുത്തിയത്.

ഇതിന് പിന്നാലെ പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ടിനെ മാറ്റി പകരക്കാരനെ നിയമിക്കാന്‍ രണ്ടു മണിക്കൂറിനിടെ രണ്ട് ഉത്തരവുമിറക്കി.

പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവിയായ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ തൊട്ടുപിന്നാലെ മാറ്റി.


Dont Miss ജാനകിയമ്മയോട് അനാദരവ് കാണിച്ചിട്ടില്ല; സിനിമയില്‍ പാട്ട് നിലനിര്‍ത്താന്‍ പരാമവധി ശ്രമിച്ചിരുന്നു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംഗീത സംവിധായകന്‍


പത്തനംതിട്ടയിലെ ഒരു ജൂനിയര്‍ സൂപ്രണ്ടിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനും സെന്‍കുമാര്‍ ഉത്തരവിട്ടു. ഇയാള്‍ ഓഡിറ്റിങ്ങില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ ബെഹ്‌റ വെറും അന്വേഷണമാണ് ഉത്തരവിട്ടിരുന്നത്. ഭരണകക്ഷി എംഎല്‍എയെ ഒരാള്‍ അസഭ്യം പറഞ്ഞെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷിക്കാനും നിര്‍ദേശം നല്‍കി.

ആ ഫയല്‍ മാസങ്ങളായി പൊലീസ് ആസ്ഥാനത്തു തീരുമാനമാകാതെ ഇരിക്കുകയായിരുന്നു. 14 വര്‍ഷത്തോളം സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ ജോലി ചെയ്തിരുന്ന ഒരു കോണ്‍സ്റ്റബിളിനെ ബെഹ്‌റ ഈയിടെ അവിടെ നിന്നു മാറ്റിയ ഉത്തരവ് സെന്‍കുമാര്‍ റദ്ദാക്കി.

നിയമസഭയില്‍ പൊലീസിന്റെ ലെയ്‌സണ്‍ ജോലി ചെയ്തിരുന്ന ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനെ മാറ്റിയ ബെഹ്‌റയുടെ ഉത്തരവും റദ്ദാക്കി.

സാധാരണ, പൊലീസ് മേധാവി ഫയലില്‍ ഉത്തരവിട്ടാല്‍ അദ്ദേഹത്തിനു വേണ്ടി ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഐജിയാണ് ഉത്തരവിറക്കുന്നത്. സെന്‍കുമാര്‍ ചുമതലയേല്‍ക്കുന്നതിനു തൊട്ടുമുന്‍പ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഐജി, ഡിഐജി, ഐജി, എഡിജിപി എന്നിവരെ മാറ്റി സര്‍ക്കാര്‍ തങ്ങളുടെ വിശ്വസ്തരെ നിയമിച്ചിരുന്നു. എന്നാല്‍, സെന്‍കുമാറിന്റെ ഉത്തരവുകളെല്ലാം പുറത്തിറങ്ങിയ ശേഷമാണ് ഇവരെല്ലാം കണ്ടത്.

We use cookies to give you the best possible experience. Learn more