തിരുവനന്തപുരം: ചെഗുവേരയെ മനസില്‍വെച്ച് ക്ഷേത്രങ്ങളില്‍ പോകരുതെന്ന് മുന്‍ ഡി.ജി.പിയും ശബരിമല കര്‍മ്മസമിതി നേതാവുമായ ടി.പി സെന്‍കുമാര്‍.
വനിതാ മതിലിനെതിരെയും സെന്‍കുമാര്‍ രംഗത്തുവന്നു. സ്ത്രീശാക്തീകരണമാണ് ഉദ്ദേശിച്ചതെങ്കില്‍ പ്രളയബാധിതരായ സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കുന്ന വീട് നല്‍കുകയെന്നതാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നാണ് സെന്‍കുമാര്‍ പറഞ്ഞത്.
ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും മന്ദത്ത് പത്മനാഭനും മഹാത്മാഗാന്ധിയും അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനുമെല്ലാം വിഭാവനം ചെയ്തിരുന്ന ജാതിരഹിത സനാതന ധര്‍മ്മ വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ വേഗതകൂട്ടുന്ന ഒരു കാര്യം കൂടിയായിരിക്കും അയ്യപ്പജ്യോതി.
ഇവരെല്ലാം മനുഷ്യന്റെ മനസിലെ മതിലുകള്‍ പൊളിച്ചുകളഞ്ഞ് നവോത്ഥാനം കൊണ്ടുവന്നവരാണ്. മതിലുകള്‍ ഒരിക്കലും നവോത്ഥാനും ഉണ്ടാക്കുകയില്ല. അവയെപ്പോഴും നവോത്ഥാനത്തെ പിടിച്ചുനിര്‍ത്തുന്നതാണ്. പ്രളയ ബാധിതര്‍ക്ക് സഹായം നല്‍കുന്നതില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് വനിതാ മതിലിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു.
സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കുന്നതാണ് അയ്യപ്പജ്യോതി. കിളിമാനൂരുള്ള ജ്യോതി സംഗമത്തില്‍ ചേരാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“പലരും ഞങ്ങലെല്ലാം വളരെ ഭക്തകളാണ്, ഞങ്ങള്‍ക്ക് ശബരിമലയില്‍ പോകണം എന്നൊക്കെ പറയുന്നത് കണ്ടിട്ടുണ്ട്. അവരോടെനിക്ക് പറയാനുള്ളത് ഇതുമാത്രമാണ്. ശബരിമലയില്‍ പോകണമെങ്കില്‍, വിശ്വാസമുണ്ടെങ്കില്‍, ഒരാഴ്ച പൂര്‍ണ ആത്മസമര്‍പ്പണത്തോടുകൂടി ഏതെങ്കിലും അയ്യപ്പക്ഷേത്രത്തിലോ ശിവക്ഷേത്രത്തിലോ ഏഴുദിവസത്തേക്കെങ്കിലും പോകുക. തീര്‍ച്ചയായിട്ടും അവര്‍ക്ക് ശബരിമലയില്‍ പോകാനുള്ള അവസരം ഉണ്ടാകും. അവര് ആത്മസമര്‍പ്പണത്തോടെ ചെയ്യണം. അല്ലാതെ ചെഗുവേരയെ ധ്യാനിച്ചിട്ട് ചെയ്താല്‍ പോര.” എന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു.
അയ്യപ്പന്റെടുത്ത് എത്തേണ്ടവരെ അയ്യപ്പന്‍ അവരെ എത്തിച്ചിരിക്കും. അതിന് പൊലീസിന്റെയൊന്നും സഹായം വേണ്ട. ആര്‍ക്കും അവരെ തടയാനാവില്ലെന്നുമാണ് സെന്‍കുമാറിന്റെ വാദം.