| Friday, 19th April 2019, 12:06 pm

ജേക്കബ് തോമസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിഗൂഢത: തനിക്കെതിരായ കേസുകള്‍ക്കു പിന്നില്‍ ജേക്കബ് തോമസെന്നും സെന്‍കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുന്‍ ഡി.ജി.പി മാരായ ജേക്കബ് തോമസിനെതിരെ ബി.ജെ.പി നേതാവും മുന്‍ ഡി.ജി.പിയുമായ സെന്‍കുമാര്‍. ജേക്കബ് തോമസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിഗൂഢതയുണ്ടെന്നാണ് സെന്‍കുമാര്‍ പറഞ്ഞത്. സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറിയായ ‘എന്റെ പൊലീസ് ജീവിതം’ എന്ന പുസ്തകത്തിലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്.

തനിക്കെതിരായ എല്ലാ കേസുകള്‍ക്കും പിന്നില്‍ മുന്‍ ഡി.ജി.പി ജേക്കബ് തോമസാണെന്നും സെന്‍കുമാര്‍ ആരോപിച്ചു. ഒരു കേസിന്റെ പേരില്‍ വിന്‍സന്‍ എം. പോളിനെ ചെളിവാരി എറിയാന്‍ ശ്രമിച്ചു. ഒരു എ.ഡി.ജി.പിയുടെ നിയന്ത്രണത്തിലുള്ള കേസിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി.

തന്നെ വീണ്ടും ഡി.ജി.പിയാക്കാതിരിക്കാന്‍ ഇപ്പോഴത്തെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ദല്‍ഹിയിലെ സകല സ്വാധീനവും ഉപയോഗിച്ചു.

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിയുടെ കൊലപാതകം സി.പി.ഐ.എം സ്‌പോണ്‍സേര്‍ഡ് ആകാമെന്ന് അന്നത്തെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥ ആദ്യം പറഞ്ഞിരുന്നെന്നും സെന്‍കുമാര്‍ പറയുന്നു.എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇക്കാര്യം പറഞ്ഞു കേട്ടിട്ടില്ല. പിന്നീടാണ് പ്രതിയെ പിടികൂടുന്നതും തുടര്‍ നടപടികള്‍ ചെയ്തതും.

സി.പി.ഐ.എമ്മിന്റെ കണ്ണൂര്‍ വിഭാഗവുമായി പൊലീസ് സേനയിലെ പലര്‍ക്കും ബന്ധമുണ്ട്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ്. നായരെ കണ്ണൂരില്‍ നിന്നുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്യുന്നതിനു മുമ്പു തന്നെ തിരുവനന്തപുരത്തുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തിരുന്നു.

ഐ.എസ്.ആര്‍.ഒ കേസിലെ എല്ലാ സത്യങ്ങളും ഉടന്‍ പുറത്തുവരും. നമ്പി നാരായണന് ഇതെല്ലാം ഓര്‍മ്മവേണം എന്നൊരു മുന്നറിയിപ്പു കൂടി സര്‍വ്വീസ് സ്റ്റോറിയില്‍ സെന്‍കുമാര്‍ നല്‍കുന്നുണ്ട്.

ഡി.ജി.പി സ്ഥാനത്തുനിന്നും വിരമിച്ചതിനു പിന്നാലെ ബി.ജെ.പിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സെന്‍കുമാര്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പ്രചാരണ വേദിയില്‍ സജീവമാണ്. ശബരിമലയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന് പറയുന്നത് സാധ്യമായ കാര്യമല്ലെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സെന്‍കുമാര്‍ പറഞ്ഞത്. ശബരിമല ചര്‍ച്ച ചെയ്യുകതന്നെ ചെയ്യും. കര്‍മ്മസമിതി ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചതില്‍ യാതൊരു ചട്ടലംഘനവും ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോള്‍ പോലീസില്‍ സി.ആര്‍.പി.എഫോ ഐ.പി.സി.യോ കേരള പോലീസ് ആക്ടോ ഇല്ലെന്നും പിണറായി പറയുന്ന ശുംഭവചനങ്ങളുടെ ഒറ്റനിയമമേ പൊലീസിലുള്ളൂവെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സെന്‍കുമാര്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more