'വീണ്ടും ബെഹ്‌റയെ തിരുത്താനുറച്ച് സെന്‍കുമാര്‍'; യു.എ.പി.എ പിന്‍വലിച്ച നടപടിയും പുന:പരിശോധിക്കുന്നു
Kerala
'വീണ്ടും ബെഹ്‌റയെ തിരുത്താനുറച്ച് സെന്‍കുമാര്‍'; യു.എ.പി.എ പിന്‍വലിച്ച നടപടിയും പുന:പരിശോധിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th May 2017, 7:53 am

തിരുവനന്തപുരം: സംസ്ഥാനത്ത് യു.എ.പി.എ നിയമം ചുമത്തിയ കേസുകള്‍ പിന്‍വലിച്ച നടപടി പുനഃപരിശോധിക്കാനൊരുങ്ങി ഡി.ജി.പി ടി.പി. സെന്‍കുമാര്‍. ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹ്റ അധ്യക്ഷനായ സമിതി പിന്‍വലിക്കാന്‍ തീരുമാനിച്ച 42 യു.എ.പി.എ കേസുകളിലാണ് അദ്ദേഹം പുനഃപരിശോധന ആവശ്യപ്പെടുന്നത്.


Also read ‘എന്തൊരു വിഡ്ഢിത്തമാണിത്’; റമദാന്‍ മാസത്തില്‍ നോമ്പനുഷ്ഠിക്കാത്തവര്‍ക്ക് ജയില്‍ശിക്ഷ നല്‍കുന്നതിനെതിരെ ബേനസീര്‍ ഭൂട്ടോയുടെ മകള്‍ 


മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് സഹായംനല്‍കല്‍, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനംചെയ്ത് പോസ്റ്ററൊട്ടിച്ച കേസ്, മനുഷ്യാവകാശ സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരായ കേസ് തുടങ്ങിയവയും പുനഃപരിശോധനയ്ക്ക വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമായിരുന്നു പൊലീസ് മേധാവിയായിരുന്നു ഡി.ജി.പി ലോക്നാഥ് ബെഹ്റ കുറ്റപത്രം സമര്‍പ്പിക്കാത്ത 162 കേസുകളില്‍ പുനഃപരിശോധന നടത്തിയത്. പരിശോധനയുടെ അടിസ്ഥാനത്തില്‍ 42 എണ്ണത്തില്‍ യു.എ.പി.എ ചുമത്തിയത് പിന്‍വലിക്കാനും തീരുമാനിച്ചിരുന്നു.

മതിയായ തെളിവുകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു യു.എ.പി.എ പിന്‍വലിക്കാനുള്ള തീരുമാനം. എന്നാല്‍ ഇക്കൂട്ടത്തില്‍പെടുന്ന പലകേസുകളുടെയും മെറിറ്റ് കണക്കാക്കാതെ തിടുക്കപ്പെട്ടുള്ള പിന്‍വലിക്കല്‍ ശരിയായില്ലെന്ന പക്ഷമാണ് സെന്‍കുമാറിന്റേത്. എന്നാല്‍ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ നിലപാടാണ് ഡി.ജി.പി സ്വീകരിക്കുന്നതെങ്കില്‍ ഇതിലും തീരുമാനം ഉണ്ടാകാന്‍ സാധ്യതയില്ല.


Dont miss ‘വെള്ളവുമില്ല വെട്ടവുമില്ല’; സ്വച്ഛ് ഭാരത് മിഷനില്‍ ഉള്‍പ്പെടുത്തി മോദി സര്‍ക്കാര്‍ നിര്‍മ്മിച്ച 60 ശതമാനം ടോയ്‌ലറ്റുകളിലും വെള്ളമില്ല 


നേരത്തെ സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ യു.എ.പി.എ ചുമത്തിയ ആഭ്യന്തര വകുപ്പ് നടപടികള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ആ സാഹചര്യത്തില്‍ ഡി.ജി.പിയുടെ ഈനീക്കവും സര്‍ക്കാറുമായുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങാനുള്ള സാധ്യതയുമുണ്ട്.

നേരത്തെ ബെഹ്‌റ ഡി.ജി.പിയായിരുന്നപ്പോള്‍ നടപ്പിലാക്കിയ പല ഉത്തരവുകളും സെന്‍കുമാര്‍ പുന:പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പൊലീസ് സ്റ്റേഷനുകള്‍ക്ക് പ്രത്യേക കമ്പനിയുടെ പെയിന്റടിക്കാനുള്ള ഉത്തരവിനെക്കുറിച്ച് അന്വേഷണവും നടത്തിയിരുന്നു.