സൂറത്ത്: തങ്ങളെ മേലധികാരികൾ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ആരോപിച്ച് ഇരുപത്തഞ്ചോളം വനിതാ ഹോം ഗാർഡുകൾ രംഗത്ത്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. യൂണിഫോം നന്നാക്കുക എന്ന വ്യാജേന രണ്ടു സീനിയർ ഉദ്യോഗസ്ഥർ തങ്ങളുടെ ശരീരത്തിൽ സഭ്യമല്ലാത്ത രീതിയിൽ സ്പർശിക്കുകയായിരുന്നുവെന്ന് ഇവർ പറയുന്നു. ഉദ്യോഗസ്ഥർക്ക് നേരെ അന്വേഷണം വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ സതീഷ് ശർമ്മയ്ക്ക് ഇവർ പരാതി നൽകി.
തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണങ്ങൾ തടയാൻ രൂപീകരിച്ച “തദ്ദേശീയ പരാതിപരിഹാര കമ്മിറ്റി” സംഭവത്തെ കുറിച്ചന്വേഷിക്കുമെന്നു സതീഷ് ശർമ്മ പറഞ്ഞു. രണ്ടു സീനിയർ ഹോം ഗാർഡ് ഓഫീസർമാരാണ് തങ്ങളോട് അപമര്യാദയായി പെരുമാറിയതെന്ന് പരാതിക്കാരായ വനിതാഗാർഡുകൾ പറഞ്ഞു. ലൈംഗികമായി ചൂഷണം ചെയ്യുന്നത് കൂടാതെ ഇവർ തങ്ങളെ വീട്ടുജോലികൾ ചെയ്യാനും ഉപയോഗിച്ചിട്ടുണ്ട്. വനിതാഗാർഡുകൾ പറയുന്നു.
ഇവർ തങ്ങൾക്ക് മാനസികവും ശാരീരികവുമായ ആഘാതം ഏൽപ്പിച്ചുവെന്നും, സാമ്പത്തികമായി പോലും ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്നും വനിതാ ഹോം ഗാർഡുകൾ പറയുന്നു. പണം നൽകിയില്ലെങ്കിൽ ദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റാനും മറ്റു രീതികളിൽ തങ്ങളെ ഉപദ്രവിക്കാനും സീനിയർ ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നുവെന്നും ഇവർ പറയുന്നു. അത് കൂടാതെ, തങ്ങളിൽ ചിലരിൽ നിന്നും ലൈംഗികസഹായങ്ങളും ഇവർ ആവശ്യപ്പെട്ടുവെന്നും ഹോം ഗാർഡുകൾ പറഞ്ഞു.
Also Read ആചാരലംഘനത്തിന് സര്‍ക്കാരിനെ അനുവദിക്കില്ല; യുവതികളെ തടയുമെന്ന ഭീഷണിയുമായി യുവമോര്‍ച്ച
മുഖ്യമന്ത്രി വിജയ് രൂപാനിക്കും ആഭ്യന്തര മന്ത്രി പ്രദീപ്‌സിംഗ് ജഡേജക്കും ഇവർ പരാതി നൽകിയിട്ടുണ്ട്. ഹോം ഗാർഡുകൾ ഔദ്യോഗികമായി പൊലീസ് വകുപ്പിന്റെ ഭാഗമല്ലാത്തത് കൊണ്ട്, പൊലീസിന്റെ പരാതി പരിഹാര കമ്മിറ്റിയിൽ ഈ പ്രശ്നം ഉന്നയിക്കാൻ സാധ്യമല്ല എന്ന് കമ്മീഷണർ സതീഷ് ശർമ്മ പറഞ്ഞു.