'അമേരിക്ക ഇസ്രഈലിന് നൽകുന്ന പിന്തുണ അന്യായവും വിനാശകരവും'; യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിൽ ഉന്നത ഉദ്യോഗസ്ഥന്റെ രാജി
World News
'അമേരിക്ക ഇസ്രഈലിന് നൽകുന്ന പിന്തുണ അന്യായവും വിനാശകരവും'; യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിൽ ഉന്നത ഉദ്യോഗസ്ഥന്റെ രാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th October 2023, 9:09 pm

വാഷിങ്ടൺ: ഇസ്രഈൽ – ഫലസ്തീൻ സംഘർഷത്തിലുള്ള ബൈഡൻ ഭരണകൂടത്തിന്റെ സമീപനത്തിൽ പ്രതിഷേധിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിൽ മുതിർന്ന ഉദ്യോഗസ്ഥന്റെ രാജി.

മറ്റു രാജ്യങ്ങളിലേക്ക് ആയുധങ്ങൾ കൈമാറുന്നതിന്റെ ചുമതലയുള്ള രാഷ്ട്രീയ, സൈനിക ബ്യൂറോയിൽ പത്ത് വർഷത്തിലധികമായി പ്രവർത്തിക്കുന്ന ജോഷ് പോളാണ് രാജി നൽകിയത്.

ഇസ്രഈൽ നടപടിയും അതിന് അമേരിക്ക നൽകുന്ന പിന്തുണയും ഇസ്രഈലിലെയും ഫലസ്തീനിലെയും ജനങ്ങൾ കൂടുതൽ ദുരിതം അനുഭവിക്കുന്നതിലേക്ക് മാത്രമേ നയിക്കൂ എന്ന് ജോഷ് പോൾ എഴുതിയ കത്തിൽ പറയുന്നു.

‘സംഘർഷത്തിൽ ഒരു വിഭാഗത്തിന് മാത്രം ആയുധങ്ങൾ കൊടുത്തയക്കുന്നത് ഉൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങളെ പിന്തുണച്ച് കൊണ്ട് എനിക്കിനി പ്രവർത്തിക്കാനാവില്ല. ഇത് അന്യായവും വിനാശകരവും നമ്മൾ പൊതുസമൂഹത്തിൽ ഉയർത്തിക്കാണിക്കുന്ന മൂല്യങ്ങൾക്ക് വിരുദ്ധവുമാണ്,’ പോൾ കത്തിൽ പറഞ്ഞു.

ജോഷ് പോളിന്റെ കത്ത് ലോകസമാധാനത്തിനായി പ്രവർത്തിക്കുന്ന ക്രൈസിസ് ഗ്രൂപ്പിന്റെ ഉപദേഷ്ടാവ് ബ്രയൻ ഫിനുകെയ്ൻ എക്‌സിൽ പങ്കുവെച്ചു.

‘ഞാൻ ഒരു കാര്യം വ്യക്തമായി പറയുന്നു, ഇസ്രഈലിന് മേലുള്ള ഹമാസ് ആക്രമണം ഭീകരമല്ല, അതിഭീകരമായിരുന്നു. എന്നാൽ ഞാൻ വിശ്വസിക്കുന്നത്, ഇസ്രഈൽ പ്രതികരിക്കുന്ന രീതിയും അതിനെ അമേരിക്ക പിന്തുണക്കുന്നതും നിലവിലെ അധിനിവേശ സാഹചര്യത്തിൽ ഇസ്രഈലിലെയും ഫലസ്തീനിലെയും ജനത കൂടുതൽ ദുരിതങ്ങൾ അനുഭവിക്കുന്നതിലേക്ക് നയിക്കും. ഇത് അമേരിക്കയുടെ താത്പര്യത്തിൽ വരുന്നതല്ല,’ കത്തിൽ പോൾ പറഞ്ഞു.

തനിക്ക് ഒന്നിലും മാറ്റം വരുത്താൻ സാധിക്കാത്തതിനാലാണ് രാജി വെച്ചതെന്ന് ഹഫിങ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ പോൾ പറഞ്ഞിരുന്നു.

ഇസ്രഈലിന് പൂർണ പിന്തുണ നൽകുമെന്ന് ബൈഡൻ വ്യക്തമാക്കിയിരുന്നു. ഗസയിലെ അൽ അഹ്‌ലി ആശുപത്രി ഇസ്രഈൽ ബോംബിട്ട് തകർത്ത് 500 പേർ മരണപ്പെട്ട സംഭവത്തിലും ഇസ്രഈലിന്റെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത വാദങ്ങൾ ഏറ്റുപിടിക്കുകയാണ് അമേരിക്ക.

നിലവിൽ ഇസ്രഈലിന് 10 ബില്യൺ ഡോളർ ധനസഹായം നൽകുന്നതിനുള്ള നിയമനിർമാണം നടത്തുകയാണ് ബൈഡൻ ഭരണകൂടം. കൂടാതെ രണ്ട് യുദ്ധക്കപ്പലുകൾ ഇസ്രഈൽ തീരത്തേക്ക് അയച്ചിട്ടുണ്ട്. ഗസയിൽ കരയുദ്ധം നടത്താൻ ഒരുക്കം നടത്തുന്ന ഇസ്രഈലിനെ സഹായിക്കാൻ 2000 സൈനികരെയും അമേരിക്ക സജ്ജരാക്കിയിട്ടുണ്ട്.

Content Highlight: Senior US State Department official resigns over Biden’s approach to Gaza