ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കെ, ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഭര്‍ത്താവിന് വേണ്ടി വോട്ട് ചെയ്യാന്‍ ഉന്നത പൊലീസുദ്യോഗസ്ഥ ആളുകളെ നിര്‍ബന്ധിച്ചതായി പരാതി.
സമാജ്‌വാദി പാര്‍ട്ടിയാണ് ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത്.
ലഖ്‌നൗ റേഞ്ച് ഐ.ജിയായ ലക്ഷ്മി സിംഗിനെതിരെയാണ് സമാജ്‌വാദി പാര്‍ട്ടി പരാതി നല്‍കിയിരിക്കുന്നത്. ഐ.ജിയെ സ്ഥലം മാറ്റണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ഭര്‍ത്താവും ലഖ്‌നൗ സരോജിനി നഗറില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ രാജേശ്വര്‍ സിംഗിന് വോട്ട് ചെയ്യാന്‍ ആളുകളെ ഐ.ജി നിര്‍ബന്ധിക്കുന്നു എന്നാണ് പരാതി.
”ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ ഐ.ജി ലക്ഷ്മി സമ്മര്‍ദ്ദം ചെലുത്തുന്നു. ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കും,” എന്ന് സമാജ്‌വാദി പാര്‍ട്ടി നല്‍കിയ പരാതിയില്‍ പറയുന്നതായാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
ആദ്യം ഫെബ്രുവരി ഏഴിനും പിന്നീട് ഫെബ്രുവരി 11നും ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ലെന്നും സമാജ്‌വാദി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
ഇ.ഡി ജോയിന്റ് ഡയറക്ടറായിരുന്ന രാജേശ്വര്‍ സിംഗ് വൊളന്ററി റിട്ടയര്‍മെന്റിനുള്ള തന്റെ അപേക്ഷ കേന്ദ്ര ധനകാര്യ മന്ത്രാലയം അംഗീകരിച്ചതോടെയാണ് ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാനിറങ്ങിയത്.