താലിബാന്‍ നേതാവ് റഹീമുല്ല ഹഖാനി ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടു; ഉത്തരവാദിത്തമേറ്റെടുത്ത് ഐ.എസ്
World News
താലിബാന്‍ നേതാവ് റഹീമുല്ല ഹഖാനി ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടു; ഉത്തരവാദിത്തമേറ്റെടുത്ത് ഐ.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th August 2022, 3:18 pm

കാബൂള്‍: അഫ്ഗാനില്‍ മുതിര്‍ന്ന താലിബാന്‍ നേതാവ് റഹീമുല്ല ഹഖാനി ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടു. സംഭവത്തിന്റെ ഉത്തരവാദിത്തം ഐ.എസ്.ഐ.എസ് ഏറ്റെടുത്തു.

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഹഖാനിയുടെ മദ്രസയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. പിന്നാലെ ഐ.എസ് തങ്ങളുടെ ടെലിഗ്രാം ചാനലിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രംഗത്തെത്തുകയായിരുന്നു.

നേരത്തെ ഇസ്‌ലാമിക് സ്റ്റേറ്റ്‌സിനെതിരെ തുടര്‍ച്ചയായി വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയയാള്‍ കൂടിയാണ് താലിബാന്‍ പുരോഹിതനായ ഹഖാനി.

നേരത്തെയും ഹഖാനിക്കെതിരെ വധശ്രമങ്ങളുണ്ടായിട്ടുണ്ട്. ഇതിലൊന്ന് 2020 ഒക്ടോബറില്‍ പാകിസ്ഥാനില്‍ വെച്ചായിരുന്നു.

”ഷെയ്ഖ് റഹീമുല്ലയുടെ മദ്രസക്ക് നേരെ ഇന്ന് ആക്രമണമുണ്ടായി. ഇതേത്തുടര്‍ന്ന് റഹീമുല്ലയും അദ്ദേഹത്തിന്റെ സഹോദരന്മാരിലൊരാളും കൊല്ലപ്പെട്ടു,” കാബൂള്‍ പൊലീസ് വക്താവ് ഖാലിദ് സദ്രാന്‍ കഴിഞ്ഞദിവസം എ.എഫ്.പിയോട് പ്രതികരിച്ചു. ആക്രമണത്തില്‍ മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

പിന്നാലെ ഹഖാനിയുടെ മരണം സംബന്ധിച്ച് താലിബാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിരുന്നു. ‘ഭീരുവായ ശത്രു നടത്തിയ ആക്രമണത്തില്‍,’ ഹഖാനി കൊല്ലപ്പെട്ടു എന്നായിരുന്നു സര്‍ക്കാര്‍ വക്താവ് ബിലാല്‍ കാരിമി പറഞ്ഞു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണ് എന്നൊക്കെയുള്ള വിശദാംശങ്ങള്‍ താലിബാന്റെ ഭാഗത്ത് നിന്നും വന്നിട്ടില്ല.

താലിബാന്‍ സര്‍ക്കാരില്‍ ഹഖാനിക്ക് ഔദ്യോഗികമായി സ്ഥാനമാനങ്ങളൊന്നുമില്ല. ഹഖാനിയുടെ മരണത്തില്‍ താലിബാന്‍ നേതാക്കള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അനുശോചനം രേഖപ്പെടുത്തി.

പെണ്‍കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് അനുകൂലമായി സംസാരിച്ചിരുന്നയാളായിരുന്നു ഹഖാനി. കഴിഞ്ഞ കുറച്ച് മാസങ്ങളായി താലിബാന്‍ സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ പിന്തുണച്ചുകൊണ്ട് ഇദ്ദേഹം പരസ്യമായി രംഗത്തെത്തിയിരുന്നു.

”സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം അനുവദിക്കരുതെന്ന് പറയാന്‍ ശരീഅത്ത് നിയമത്തില്‍ ഒരു ന്യായീകരണവുമില്ല,” എന്ന് മേയ് മാസത്തില്‍ ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹഖാനി പറഞ്ഞിരുന്നു.

Content Highlight: Senior Taliban cleric Rahimullah Haqqani Killed In Suicide Blast Claimed By ISIS