ഭോപ്പാല്‍: മധ്യപ്രദേശില്‍ കര്‍ഷകരുടെ പ്രതിഷേധ സമരം ആളിക്കത്തുകയാണ്. പൊലീസ് വെടിവെപ്പില്‍ ആറു പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ബബ്ലൂ പാട്ടിദാര്‍, സരേന്ദര്‍ പാട്ടിദാര്‍, കനയ്യ, സത്യനാരായണന്‍, ഇഖിലേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. മോദി ഗവണ്മെന്റ് വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്.
മധ്യപ്രദേശിലെ മണ്ട്സൂറില്‍ കര്‍ഷക പ്രതിഷേധം കത്തിപ്പുകയുമ്പോള്‍ പൊലീസ് സംഘത്തിന് നിര്‍ദേശം നല്‍കുന്ന പൊലീസ് ഓഫീസറുടെ വീഡിയോ പുറത്ത്. ആറു കര്‍ഷകരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷവും ഇനിയും കൂടുതല്‍ ബലം പ്രയോഗിക്കാന്‍ തന്നെയാണ് പൊലീസ് സേനയ്ക്ക് നിര്‍ദേശം നല്‍കുന്നത്.
ഗൂഢാലോചനയോടും അതിക്രമങ്ങളോടും യാതൊരു തരത്തിലും വിട്ടുവീഴ്ച ചെയ്യേണ്ടതില്ല എന്നാണ് പൊലീസ് ഓഫീസര്‍ നല്‍കുന്ന നിര്‍ദേശം. അടിക്കണോ എന്ന കാര്യത്തില്‍ സംശയിക്കേണ്ട കാര്യമില്ലെന്നും മടിക്കാതെ അടിച്ചോളൂ എന്നും പൊലീസ് പറയുന്നതായി വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്.
സമരത്തിന്റെ അവസരം മുതലെടുത്ത് അതിക്രമം കാണിക്കുന്നവരും ഉണ്ടെന്നും പറയുന്നതായി വീഡിയോയില്‍ കാണാം. സേഹോറിലെ അഡീഷണല്‍ എസ് പി അവധേഷ് പ്രതാപ് സിംഗ് ആണ് വീഡിയോയില്‍.