ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ ബുദ്ഗാമില്‍ എംഐ-17 ട്രാന്‍സ്‌പോര്‍ട്ട് ഹെലികോപ്ടര്‍ തകര്‍ന്ന് വീണത് വ്യോമസേനയുടെ വെടിവെയ്പിലെന്ന് റിപ്പോര്‍ട്ട്. പാക് ഡ്രോണാണെന്ന് കരുതി വെടിവെച്ചു എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ ശ്രീനഗര്‍ എയര്‍ബേസിലെ എയര്‍ ഓഫീസര്‍ കമാന്‍ഡിങ്ങിനെ മാറ്റിയിട്ടുണ്ട്. നടപടിക്രമം പാലിക്കാത്തതിലാണ് നടപടി.
വിമാനങ്ങളെ തിരിച്ചറിയുന്നതിനായുള്ള ഐ.എഫ്.എഫ് (Identify Friend or Foe) സംവിധാനം പ്രോട്ടോക്കോളിന് വിരുദ്ധമായി ഹെലികോപ്ടറിനുള്ളില്‍ ഓഫ് ചെയ്തതായിരുന്നു. ഇക്കാര്യവും പരിശോധിക്കപ്പെടും.
അപകടത്തെ കുറിച്ചുള്ള Court-of-Inquiry (CoI) അന്വേഷണം തുടരുകയാണ്. അന്തിമ റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിക്കപ്പെട്ടിട്ടില്ല. വാര്‍ത്തയില്‍ വ്യോമസേന വക്താവ് പ്രതികരിച്ചിട്ടില്ല.
ഫെബ്രുവരി 27ന് ബാലാകോട്ട് ആക്രമണത്തിന്റെ പിറ്റേന്ന് പാക് വ്യോമസേനാ വിമാനങ്ങള്‍ അതിര്‍ത്തി ലംഘനം നടത്തിയ ദിവസമാണ് കശ്മീരിലെ ബുദഗാമില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. ഹെലികോപ്ടറിലുണ്ടായിരുന്ന ആറ് വ്യോമസേന ഉദ്യോഗസ്ഥരും ഒരു സിവിലിയനും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.