| Wednesday, 30th January 2019, 9:25 am

നോട്ടുനിരോധനത്തിനു ശേഷമുള്ള വാര്‍ഷിക തൊഴില്‍ റിപ്പോര്‍ട്ട് പിടിച്ചുവെച്ച് കേന്ദ്ര സര്‍ക്കാര്‍; എന്‍.എസ്.സിയില്‍ കൂട്ട രാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നോട്ടുനിരോധനത്തിന് ശേഷമുള്ള 2017-18 കാലയളവിലെ വാര്‍ഷിക തൊഴില്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ പിടിച്ചു വെക്കുന്നതില്‍ പ്രതിഷേധിച്ച് ദേശീയ സ്ഥിതിവിവരശാസ്ത്ര കമ്മീഷന്‍(എന്‍.എസ്.സി) ഉദ്യോഗസ്ഥരുടെ രാജി. കമ്മീഷന്റെ ആക്റ്റിങ്ങ് ചെയര്‍പേഴ്‌സണും മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥയും രാജി വെച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പി.സി മോഹനന്‍, ദല്‍ഹി സ്‌കൂള്‍ ഓഫ് എകണോമിക്‌സിലെ പ്രൊഫസര്‍ ജെ.വി മീനാക്ഷി എന്നിവരാണ് പ്രതിഷേധ സൂചകമായി രാജി വെച്ചത്. 2017 ജൂണിലാണ് ഇരുവരും എന്‍.എസ്.സിയില്‍ അംഗങ്ങളായത്.

“സാധാരണ രീതിയില്‍ ഞങ്ങളുടെ റിപ്പോര്‍ട്ട് കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അത് പ്രസിദ്ധീകരിക്കും. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ(എന്‍.എസ്.എസ്.ഒ) തൊഴില്‍/ തൊഴിലില്ലാഴ്മയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ഡിസംബറിലാണ് ഞങ്ങള്‍ കമ്മീഷന് കൈമാറിയത്. എന്നാല്‍ രണ്ടു മാസമായിട്ടും റിപ്പോര്‍ട്ട് പൊതു ജനങ്ങള്‍ക്കിത് പ്രാപ്യമായിട്ടില്ല”- മോഹനന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read ബി.ജെ.പി ക്ക് 19.5 കോടി രൂപ സംഭാവന നല്‍കിയ ഡി.എച്ച്.എഫ്.എല്‍ പൊതുമേഖലാ ബാങ്കുകളില്‍നിന്ന് കോടികള്‍ കവര്‍ന്നതായി കോബ്രാ പോസ്റ്റ് റിപ്പോര്‍ട്ട്

“2017-18 തൊഴില്‍ റിപ്പോര്‍ട്ട് നല്ല സൂചനകളല്ല തരുന്നത്. അതിനാലായിരിക്കണം അത് കേന്ദ്ര സര്‍ക്കാര്‍ പിടിച്ചു വെക്കുന്നത്”- എന്‍.എസ്.എസ്.ഒയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2011-12 കാലയളവിലാണ് എന്‍.എസ്.എസ്.ഒ അവസാനമായി രാജ്യത്തെ തൊഴില്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

2006ല്‍ രൂപീകരിച്ച സ്വയംഭരണാധികാര സ്ഥാപനമാണ് ദേശീയ സ്ഥിതിവിവരശാസ്ത്ര കമ്മീഷന്‍. മോഹനനും, മീനാക്ഷിയും രാജി വെച്ചതോടെ നിതി ആയോഗ് അംഗമായ അമിതാഭ് കാന്തും, ചീഫ് സ്റ്ററ്റീഷ്യന്‍ പ്രവീണ് ശ്രീവാസ്തവയും മാത്രമാണ് കമ്മിറ്റ്ിയില്‍ അവശേഷിക്കുന്ന അംഗങ്ങള്‍.

We use cookies to give you the best possible experience. Learn more