തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിയ്ക്കുമെതിരെ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ജീവിതാവസാനം വരെ പാര്‍ട്ടിയ നിയന്ത്രിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ വാശിപിടിക്കരുതെന്ന് സുധാകരന്‍ പറഞ്ഞു.
മീഡിയവണിന്റെ ഫെയ്‌സ് ഓഫ് കേരള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതാവസാനം വരെ പാര്‍ട്ടിയെ നിയന്ത്രിക്കണമെന്ന് വാശിപിടിക്കുന്നത് ജനാധിപത്യ പാര്‍ട്ടിക്ക് ഗുണമല്ലെന്നും ഒന്നോ രണ്ടോ നേതാക്കള്‍ വിചാരിച്ചാല്‍ പാര്‍ട്ടിയുടെ വളര്‍ച്ചയെ തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സഹകരിക്കാത്തതില്‍ വിഷമമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം, രമേശ് ചെന്നിത്തലയും ഉമ്മല്‍ചാണ്ടിയും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി സംസ്ഥാന നേതൃത്വം രംഗത്ത് വന്നിരുന്നു.
ഈ പ്രശ്നം ചൂണ്ടിക്കാണിച്ച് ഹൈക്കമാന്റിന് സംസ്ഥാന നേതൃത്വം പരാതി നല്‍കാനാണ് തീരുമാനം. പാര്‍ട്ടിയിലുള്ള ചിലര്‍ മാധ്യങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നു എന്ന ആരോപണവുമുണ്ട്.
കോണ്‍ഗ്രസിലെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ പുറകോട്ട് വലിക്കാനുള്ള ശ്രമങ്ങള്‍ നടത്തുവെന്ന് മറ്റ് പ്രവര്‍ത്തകര്‍ക്കിടയില്‍ പരാതിയുണ്ട്. ഈ വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെടണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം.
സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തിലുള്ള അതൃപ്തി ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിക്കാനിരിക്കെയാണ് നേതൃത്വം മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.