ന്യൂദല്‍ഹി: യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടി എം.പിയായിരുന്ന ആതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍.
രാജ്യത്തിന്റെ തന്നെ നിയമവാഴ്ച തകരുന്ന വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങള്‍ക്കെതിരെ സുപ്രീം കോടതി ഇടപെടണെന്ന് അദ്ദേഹം പറഞ്ഞു. വ്യാജ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും സമൂഹത്തിന്റെ ദിനചര്യയെ സാരമായി ബാധിച്ചെന്നും പ്രശാന്ത് ഭൂഷണ്‍ വിമര്‍ശിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
When fake encounters & vigilante killings become the order of the day in a society, & seem to enjoy populist support, political parties appear helpless to combat this. It is the duty of the judiciary to step in to ensure the rule of law. Otherwise we see a collapse of society
— Prashant Bhushan (@pbhushan1) April 17, 2023
‘വ്യാജ ഏറ്റുമുട്ടലുകളും ആസൂത്രിത കൊലപാതകങ്ങളും ഒരു സമൂഹത്തില്‍ ദിനചര്യയായി മാറുന്നു. ഇതിന് ജനകീയ പിന്തുണയുണ്ടാകുയും അത് ആഘോഷിക്കുകയും ചെയ്യുമ്പോള്‍ ഇതിനെ ചെറുക്കാന്‍ കഴിയാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ നിസഹായരാവുകയാണ്,’ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
നിയമവാഴ്ച പുനസ്ഥാപിക്കുന്നതിനും നിയമവിരുദ്ധമായ പെരുമാറ്റത്തിന് തടയിടാന്‍ നിയമപരമായുള്ള ഉത്തരവാദിത്തം ചീഫ് ജസ്റ്റിസ് അടക്കമുള്ള കോടതി സംവിധാനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
When rule of law appears to be collapsing in a society, the Chief Justice has to play a leadership role because he/she sets the tone for the judiciary; and it is for the judiciary to start the process of restoring the rule of law & ensuring accountability for lawless behaviour https://t.co/VPiHgD2HCt
— Prashant Bhushan (@pbhushan1) April 17, 2023
‘നിയമവാഴ്ച ഉറപ്പാക്കാന്‍ ഇടപെടേണ്ടത് ജുഡീഷ്യറിയുടെ കടമയാണ്. അല്ലാത്തപക്ഷം സമൂഹത്തിന്റെ തകര്‍ച്ച സംഭവിക്കും. ഒരു സമൂഹത്തില്‍ നിയമവാഴ്ച തകരുന്നതായി തോന്നുമ്പോള്‍, ചീഫ് ജസ്റ്റിസിനും നേതൃത്വപരമായ പങ്ക് വഹിക്കാനുണ്ട്. കാരണം നിയമവാഴ്ച പുനസ്ഥാപിക്കല്‍ അത്യാവശ്യമാണ്.
നിയമവിരുദ്ധമായ പെരുമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പ്രക്രിയ ആരംഭിക്കേണ്ടത് ജുഡീഷ്യറിയില്‍ നിന്നാണ്,’ പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച രാത്രി യു.പി പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് മുന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫിനെയും അക്രമികള്‍ വെടിവെച്ച് കൊന്നത്.
അതിന് രണ്ട് ദിവസം മുമ്പ് ആതിഖ് അഹമ്മദിന്റെ മകനെ ഝാന്‍സിയില്‍ നടന്ന ഏറ്റുമുട്ടലില്‍ യു.പി പൊലീസ് കൊല്ലപ്പെടുത്തിയിരുന്നു. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വര്‍ധിച്ച് വരുന്ന കൊലപാതകങ്ങളില്‍ യോഗി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.
Content Highlight: Senior lawyer and activist Prashant Bhushan reacts to the shooting of Samajwadi Party MP Atiq Ahmed and his brother in UP