| Friday, 24th May 2024, 4:36 pm

മുന്‍ പ്രതിപക്ഷ നേതാവ്, സോഷ്യലിസ്റ്റ്, ഫലസ്തീന്‍ അനുകൂലി; ജെര്‍മി കോര്‍ബിന്‍ സ്വതന്ത്രനായി മത്സരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബ്രിട്ടന്‍ പൊതുതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങി മുതിര്‍ന്ന ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍.

സമത്വത്തിനും ജനാധിപത്യത്തിനും സമാധാനത്തിനും വേണ്ടി താന്‍ സ്വതന്ത്ര ശബ്ദമായി മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ജെര്‍മി കോര്‍ബിന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ തീരുമാനം വടക്കന്‍ ലണ്ടനിലെ ലേബര്‍ പാര്‍ട്ടി നേതൃത്വത്തിന് വെല്ലുവിളി ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍.

40 വര്‍ഷത്തിലേറെയായി ലണ്ടന്‍ മണ്ഡലമായ ഇസ്‌ലിങ്ടൺ നോര്‍ത്തിനെ പ്രതിനിധീകരിക്കുന്ന ലേബര്‍ പാര്‍ട്ടി നേതാവ് കൂടിയാണ് ജെര്‍മി കോര്‍ബിന്‍. ലേബര്‍ പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് കോര്‍ബിന്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്.

‘നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനാധിപത്യപരമായി മുന്നോട്ട് പോകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇസ്‌ലിങ്ടൺ നോര്‍ത്തിലെ ലേബര്‍ അംഗങ്ങള്‍ക്ക് തങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടു,’ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിനിടെ ജെര്‍മി കോര്‍ബിന്‍ പറഞ്ഞ വാക്കുകള്‍.

ഇതിനെതിരെ ജനങ്ങള്‍ പ്രതികരിക്കേണ്ടതുണ്ട്. അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി ജനങ്ങള്‍ ശബ്ദമുയര്‍ത്തണം. അതിനുവേണ്ടിയാണ് ഇസ്‌ലിങ്ടൺ നോര്‍ത്തിലെ വോട്ടര്‍മാരെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ താന്‍ തീരുമാനിച്ചതെന്നും ജെര്‍മി കോര്‍ബിന്‍ പറഞ്ഞു.

2020ല്‍, യഹൂദ വിരുദ്ധ പരാതികള്‍ സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്തു എന്നതില്‍ ജെര്‍മി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ലേബര്‍ പാര്‍ട്ടി അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

2019ലെ തെരഞ്ഞെടുപ്പിലാണ് ഇസ്‌ലിങ്ടൺ നോര്‍ത്തില്‍ നിന്ന് ജെര്‍മി കോര്‍ബിന്‍ അവസാനമായി ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. ഫലസ്തീനിലെ ഇസ്രഈല്‍ അധിനിവേശത്തെ രൂക്ഷമായി എതിര്‍ക്കുന്ന ബ്രിട്ടനില്‍ നിന്നുള്ള രാഷ്ട്രീയ നേതാവ് കൂടിയാണ് കോര്‍ബിന്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കോര്‍ബിന്‍ ശക്തമായി രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് ജെര്‍മി കോര്‍ബിന്‍ വിര്‍ശനമുയര്‍ത്തിയത്. നരേന്ദ്ര മോദിക്കെതിരെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെതിരെയും ഉപരോധം ഏര്‍പ്പെടുത്തണമെന്നും കോര്‍ബിന്‍ ബ്രിട്ടന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു.

അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ നടത്തിയ അന്വേഷണത്തിൽ കോര്‍ബിനെ അടിച്ചൊതുക്കാന്‍ പാര്‍ട്ടിയിലെ ഏതാനും നേതാക്കള്‍ പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ ഫലസ്തീന് നേരെയുള്ള ഇസ്രഈല്‍ അതിക്രമങ്ങളെ നിശബ്ദമാക്കാനും ശ്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് പറയുന്നു.

Content Highlight: Senior Labor Party leader Jeremy Corbyn is set to run as an independent candidate in the British general election

We use cookies to give you the best possible experience. Learn more