| Sunday, 7th April 2024, 11:02 pm

ഡിജിറ്റല്‍ മീഡിയകളും സീല്‍ വെക്കപ്പെടും, ഒരു മാധ്യമവും തന്നെ വിമർശിക്കേണ്ടെന്ന തീരുമാനം മോദിയെടുത്തിട്ടുണ്ട്: ഉണ്ണി ബാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍. തന്നെയും ബി.ജെ.പിയെയും ഒരു മാധ്യമവും വിമര്‍ശിക്കേണ്ടെന്ന് പ്രധാനമന്ത്രി തീരുമാനിച്ചിട്ടുണ്ടെന്ന് ഉണ്ണി ബാലകൃഷ്ണന്‍ പറഞ്ഞു.

ആദായ നികുതി ലംഘനം ചൂണ്ടിക്കാട്ടി ബി.ബി.സിയുടെ ന്യൂസ് റൂം അടച്ചുപൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തിലെത്തിയ മോദി ആദ്യം നടപ്പിലാക്കിയത് തനിക്ക് ചുറ്റുമുള്ള മാധ്യമങ്ങളെ പൂര്‍ണമായും ഒഴിവാക്കുന്ന നടപടിയാണെന്ന് ഉണ്ണി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. റിപ്പോട്ടര്‍ ചാനലിന്റെ മീറ്റ് ദി എഡിറ്റേഴ്‌സിലാണ് വിമര്‍ശനം.

എല്ലാ വര്‍ഷവും ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ ഒരു പത്രസമ്മേളനം വിളിക്കും. എന്തിനെന്നാല്‍ അവര്‍ ചെയ്ത കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നേരിട്ട് ഉത്തരം പറയാനും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങെല്ലാം അത് നിരന്തരമായി ചെയ്തിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ഒരു പ്രധാനമന്ത്രി മാധ്യമങ്ങളെ അവസാനമായി കണ്ടത് 2013ല്‍ ആണെന്നും ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ഇതിനുപുറമെ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഡിജിറ്റല്‍ മീഡിയയില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു ഫാക്ട് ചെക്ക് യൂണിറ്റ് നടപ്പിലാക്കാന്‍ പോകുന്നു. എന്നാല്‍ വാര്‍ത്ത സര്‍ക്കാരിനെതിരാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കേന്ദ്രം തന്നെയാണെന്നത് മറ്റൊരു വിരോധാഭാസമെന്നും ഉണ്ണി ബാലകൃഷ്ണന്‍ പറഞ്ഞു.

‘നരേന്ദ്ര മോദി ഒരുകാലത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്തിരുന്ന വ്യക്തിയായിരുന്നു. മോദി ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന കാലത്ത് അദ്ദേഹവുമായി ഞാനും അഭിമുഖം നടത്തിയിരുന്നു. എപ്പോള്‍ ചെന്നാലും ബി.ജെ.പി ആസ്ഥാനത്ത് ഉണ്ടാവുമായിരുന്ന മോദി മാധ്യമങ്ങളോട് വ്യക്തമായി പ്രതികരിച്ചിരുന്നു,’ എന്ന് ഉണ്ണി ബാലകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ ഗുജറാത്ത് കലാപത്തെ ഇന്ത്യയിലെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത രീതിയില്‍ മോദിക്ക് അതൃപ്തി ഉണ്ടായിരുന്നു. രാജ്യത്തെ ജനങ്ങളെ വിവിധ രീതിയില്‍ ബാധിച്ച ഗുജറാത്ത് കലാപത്തെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്തം കൂടിയായിരുന്നു. പുറമെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി മോദിയെ വിളിച്ചത് മരണത്തിന്റെ വ്യാപാരി എന്നാണ്. ഇതിനുപിന്നാലെയാണ് മോദി ഒരു ‘ആന്റിമീഡിയ’ ആയി മാറിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Senior journalist Unni Balakrishnan criticizes Narendra Modi

We use cookies to give you the best possible experience. Learn more