| Thursday, 16th May 2019, 6:30 pm

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ ചിന്തകനുമായ ഡോ. പി.കെ ശിവദാസ് അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പരിഭാഷകനും സാമൂഹിക-രാഷ്ട്രീയ ചിന്തകനുമായ ഡോ. പി.കെ ശിവദാസ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണം. ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ 10.30ന് ചാലക്കുടി വൈദ്യുതി ശ്മാശനത്തില്‍ സംസ്‌ക്കരിക്കും.

ഒറ്റപ്പാലം മടങ്ങര്‍ളി മനയ്ക്കല്‍ വിഷ്ണു നമ്പൂതിരിയുടേയും കോഴിക്കോട് സാമൂതിരി കോവിലകം തിരുവണ്ണൂര്‍ ശാഖയിലെ ശ്രീദേവി തമ്പുരാട്ടിയുടേയും മകനായി 1960 മാര്‍ച്ച് 16 ന് കോഴിക്കോട്ട് ജനിച്ചു.

കോഴിക്കോട് സെയ്ന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളെജ്, പട്ടാമ്പി ഗവ. സംസ്‌കൃത കോളെജ്, ഒറ്റപ്പാലം എന്‍.എസ്.എസ് കോളെജ്, ബറോഡ എം.എസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

25 വയസ്സുമുതല്‍ 15 വര്‍ഷത്തോളം ഫ്രീപ്രസ് ജേര്‍ണല്‍ (മുംബൈ), ടൈംസ് ഒഫ് ഡെക്കാന്‍ (ബാംഗ്ലൂര്‍), ന്യൂസ് ടുഡെ (ചെന്നൈ), ഇന്ത്യന്‍ കമ്യൂണിക്കേറ്റര്‍ (കൊച്ചി), ഇന്ത്യന്‍ എക്‌സ്പ്രസ് (അഹമ്മദാബാദ്, ബറോഡ, ചണ്ഡിഗഢ്), ചിന്ത പബ്ലിഷേഴ്‌സ് (തിരുവനന്തപുരം), കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് (തിരുവനന്തപുരം), പുസ്തക പ്രസാധക സംഘം (മാങ്ങാനം) എന്നീ സ്ഥാപനങ്ങള്‍ക്കുവേണ്ടി പത്രപ്രവര്‍ത്തകന്‍, വിവര്‍ത്തകന്‍, രേഖാചിത്രകാരന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.

മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. രാമചന്ദ്ര ഗുഹയുടെ ഇന്ത്യാ ആഫ്റ്റര്‍ ഗാന്ധി, ഡിഡി കൊസാംബി ജീവിതവും ദര്‍ശനവും, മുസ്‌ലിംങ്ങളും അംബേദ്ക്കറും മിത്തും യാഥാര്‍ത്ഥ്യവും, അംബേദ്കര്‍ സമ്പൂര്‍ണകൃതികള്‍, റോബിന്‍ ജെഫ്രിയുടെ ഇന്ത്യയിലെ പത്രവിപ്ലവം മുതലാളിത്തം ഭാഷാപത്രങ്ങള്‍, എ.പി.ജെ അബ്ദുള്‍ കലാമിന്റെ വഴിവെളിച്ചങ്ങള്‍ ജീവിത ലക്ഷ്യത്തിലേക്കുള്ള സംഭാഷണം, റൊമീലാ ഥാപ്പറിന്റെ അദിമ ഇന്ത്യാ ചരിത്രം തുടങ്ങി നിരവധി പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ഭാരതീയ നൃത്തങ്ങള്‍, സ്പോര്‍ട്സ് എന്‍സൈക്ലോപീഡിയ, അങ്ങനെ കടലുണ്ടായി, സാഹസിക യാത്രകള്‍, കളിയുടെ കാര്യം തുടങ്ങിയ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ദൂരദര്‍ശന്‍, സി-ഡിറ്റ് എന്നിവയ്ക്കുവേണ്ടി വാര്‍ത്താചിത്രങ്ങള്‍ക്ക് ഗവേഷണവും തിരക്കഥാരചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. ഭാര്യ: രമ അമ്മു കുഞ്ഞിലാമ്മ, മക്കള്‍: അനുരാധ, ജയദേവന്, ഐശ്വര്യ, അനശ്വര

We use cookies to give you the best possible experience. Learn more