കോഴിക്കോട്: ആര്‍.എസ്.എസിന്റെ മുഖവാരികയായ കേസരിയുടെ നേതൃത്വത്തിലുള്ള മാധ്യമപഠന സ്ഥാപനത്തില്‍ റിസോഴ്‌സ് പെഴ്‌സണായി ഉള്‍പ്പെട്ടതില്‍ പ്രതികരണവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി. ചെക്കുട്ടി.
കോഴിക്കോട് ചാലപ്പുറത്തെ കേസരി ആസ്ഥാനത്തെ കേസരി മാധ്യമപഠന ഗവേഷണ കേന്ദ്രത്തിന് കീഴില്‍ ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയിലുള്ള വിഷയങ്ങള്‍ മാത്രമേ താന്‍ പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുള്ളുവന്ന് ചെക്കുട്ടി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഞാന്‍ 35 വര്‍ഷമായി പത്രപ്രവര്‍ത്തനം നടത്തുന്നയാളാണ്. ഇതിന് മുമ്പ് പല രാഷ്ട്രീയ സ്വഭാവമുള്ള മാധ്യമസ്ഥാപനങ്ങളില്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. അതുപോലെ ഒരു അവസരമായിട്ട് മാത്രമാണ് ഞാന്‍ ഇതിനെ കാണുന്നത്.
രാഷ്ട്രീയപരമായി സംഘപരിവാറിനോട് അനുഭാവമുള്ള സ്ഥാപനമാണെന്ന് എനിക്കറിയാം. പക്ഷെ തികച്ചും പ്രൊഫഷണലായാണ് ഇതിനെ കാണുന്നതെന്നും ചെക്കുട്ടി പറഞ്ഞു.
ഞാന്‍ ആര്‍.എസ്.എസുമായി എതിര്‍ ചേരിയിലുള്ള ആളാണ്. എന്റെ നിലപാടുകള്‍ അങ്ങനെ എളുപ്പം മാറുമെന്ന് ഞാന്‍ കരുതുന്നില്ല. അത് എന്നെ ക്ലാസെടുക്കാന്‍ വിളിച്ചവര്‍ക്കും അറിയാം. ഞാന്‍ അവിടെ റിപ്പോര്‍ട്ടിങ്ങും എഡിറ്റിങ്ങും പഠിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. തികച്ചും ടെക്‌നിക്‌സായ പാഠ്യപദ്ധതി. അതിനപ്പുറത്തേക്കുള്ള രാഷ്ട്രീയ വിവാദം ഇതുവരെ ചിന്തിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരെയും വെറുപ്പിച്ച് അവിടെ പഠിപ്പിക്കണമെന്ന വാശിയൊന്നും എനിക്കില്ല. ഇത് മൂന്ന് മാസം മുമ്പാണ് എന്നോട് പറഞ്ഞത്. മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ എന്നാണ് എന്നോട് പറഞ്ഞത്. ആര്‍.എസ്.എസുകാരാരും എന്നെ വിളിച്ചിട്ടില്ല. ഞാന്‍ അന്വേഷിച്ചപ്പോള്‍ നല്ല സൗകര്യങ്ങളുള്ള ഒരു മാധ്യമ റിസേര്‍ച്ച് സെന്ററാണത്. മലബാറില്‍ ഇങ്ങനെയുള്ള വലിയ സ്ഥാപനം വരുന്നത് നല്ല കാര്യമല്ലേയെന്നാണ് വിചാരിക്കുന്നതെന്നും ചെക്കുട്ടി പറഞ്ഞു.
എതിരഭിപ്രായം പ്രകടപ്പിക്കുന്നതില്‍ തെറ്റില്ല. പക്ഷെ ഞാനിതിനെ കാണുന്നത് തികച്ചും പ്രൊഫഷണലായാണ്. ഇതുവരെ ഒരിക്കലും അവിടെ പോയിത്തുടങ്ങിയിട്ടില്ല. എന്റെ സുഹൃത്തുക്കള്‍ക്കും എന്നെ ഇഷ്ടപ്പെടുന്നവര്‍ക്കും ഈ തീരുമാനം ബുദ്ധിമുട്ടുണ്ടാക്കിയാല്‍ തീരുമാനത്തില്‍ നിന്ന് പിന്മാറാനും സാധ്യയുണ്ടെന്നും ചെക്കുട്ടി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കേസരിയുടെ നേതൃത്വത്തിലുള്ള മാധ്യമപഠന സ്ഥാപനത്തില്‍ റിസോഴ്‌സ് പേഴ്‌സണായി എന്‍.പി. ചെക്കുട്ടി ഉള്‍പ്പെട്ടത് വിവാദമായിരുന്നു. രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കറും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംഘപരിവാര്‍ അനുഭാവമുള്ള മാധ്യമപ്രവര്‍ത്തകരാണ് ലിസ്റ്റില്‍ കൂടുതലായുള്ളത്.
ബി.ജെ.പി വക്താവും ജന്മഭൂമി എഡിറ്ററുമായിരുന്ന കെ.വി.എസ് ഹരിദാസ്, ജനം ടി.വി. എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു, കേരളാ പി.എസ്.സി മുന്‍ ചെയര്‍മാനും ബി.ജെ.പി സംസ്ഥാന നേതാവുമായ കെ.എസ്. രാധാകൃഷ്ണന്‍,
ബി.ജെ.പി സംസ്ഥാന സമിതി അംഗവും കേരളാ ഗവര്‍ണറുടെ അഡീഷണല്‍ പേഴ്‌സണല്‍ അസി. ഹരി എസ്. കര്‍ത്ത, കോഴിക്കോട് ആകാശവാണി ഡയറക്ടര്‍ കെ.എം. നരേന്ദ്രന്‍ എന്നിവരാണ് ലിസ്റ്റിലുള്ള മറ്റ് റിസോഴ്സ് പേഴ്സെണ്‍സ്.
Content Highlights: Senior journalist NP Chekkutty as a resource person in rss led media institution