| Tuesday, 31st January 2023, 8:35 pm

'ഇതൊരു റോളര്‍ കോസ്റ്റ് റൈഡായിരുന്നു'; ശ്രീനിവാസന്‍ ജെയിനിന് പിന്നാലെ നിധി റസ്ദാനും എന്‍.ഡി.ടി.വി വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും അവതാരകയുമായ നിധി റസ്ദാനും (Nidhi Razdan) എന്‍.ഡി.ടി.വിയില്‍ നിന്ന് രാജിവെച്ചു. രണ്ട് പതിറ്റാണ്ടിലേറെയായുള്ള തന്റെ എന്‍.ഡി.ടി.വിയിലെ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി നിധി റസ്ദാന്‍ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.

22 വര്‍ഷമായി എന്‍.ഡി.ടി.വിയില്‍ തുടരുന്ന തനിക്ക് ചാനല്‍ ജീവിതം അത്ഭുതകരമായ ഒരു റോളര്‍ കോസ്റ്റ് റൈഡായിരുന്നുവെന്നും. എന്നാല്‍ എപ്പോഴാണ് ഇറങ്ങേണ്ടതെന്ന് അറിയാമായിരുന്നുവെന്നും ട്വിറ്ററില്‍ കുറിച്ചു.

’22 വര്‍ഷത്തിലേറെയായി, എന്‍.ഡി.ടി.വിയില്‍ നിന്ന് വിടവാങ്ങാനുള്ള സമയമാണിത്. ഇതൊരു അത്ഭുതകരമായ റോളര്‍ കോസ്റ്റര്‍ റൈഡാണ്, പക്ഷേ എപ്പോഴാണത് ഇറങ്ങേണ്ടതെന്ന് നിങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. അടുത്ത രണ്ടാഴ്ച എന്റെ അവസാന നാളുകളാണ്. ഇത്രയും നാള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണക്കും നന്ദി,’ നിധി റസ്ദാന്‍ ട്വീറ്റ് ചെയ്തു.

എന്‍.ഡി.ടി.വി എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന നിധി റസ്ദാന്‍ 2021ല്‍ ചാനല്‍ വിട്ടിരുന്നു. എന്നാല്‍, 2022 ഫെബ്രുവരിയില്‍ ‘നോ സ്പിന്‍’ എന്ന പ്രൈംടൈം ഷോയുടെ അവതാരകയായി വീണ്ടും തിരിച്ചെത്തുകയായിരുന്നു.

അദാനി ഗ്രൂപ്പ് എന്‍.ഡി.ടി.വിയുടെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷമുള്ള രാജികളുടെ പരമ്പരയില്‍ ഏറ്റവും പുതിയതാണ് നിധി റസ്ദാന്റെ രാജി.

കഴിഞ്ഞ ദിവസം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ ജെയിനും എന്‍.ഡി.ടി.വിയില്‍ നിന്ന് രാജിവെച്ചിരുന്നു.

1995 മുതല്‍ എന്‍.ഡി.ടി.വിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ശ്രീനിവാസന്‍ ജെയിന്‍ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ക്ക് നിരവധി അവാര്‍ഡുകള്‍ ലഭിച്ച മാധ്യമപ്രവര്‍ത്തകനാണ്.

എന്‍.ഡി.ടി.വിയിലെ ‘റിയാലിറ്റി ചെക്ക് ആന്റ് ട്രൂത്ത് ഹൈപ്പ്’ എന്ന പരിപാടിയുടെ അവതാരകനായിരുന്നു.

കഴിഞ്ഞ മാസങ്ങളിലായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍, എന്‍.ഡി.ടി.വി ഗ്രൂപ്പ് പ്രസിഡന്റ് സുപര്‍ണ സിങ്, ചീഫ് സ്ട്രാറ്റജി ഓഫീസര്‍ അരിജിത് ചാറ്റര്‍ജി, ചീഫ് ടെക്നോളജി ആന്‍ഡ് പ്രൊഡക്ട് ഓഫീസര്‍ കവല്‍ജിത് സിങ് ബേദി തുടങ്ങി നിരവധി പേരാണ് രാജിവെച്ചത്.

കഴിഞ്ഞ നവംബറിലാണ് എന്‍.ഡി.ടി.വി. ഉടമകളായിരുന്ന പ്രണോയ് റോയ്, രാധിക റോയ് എന്നിവരില്‍ നിന്ന് കമ്പനിയുടെ ഭൂരിഭാഗം ഓഹരികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. ഇതിനുപിന്നാലെ ഇരുവരും ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. ഇവരെക്കൂടാതെ നാല് സ്വതന്ത്ര ഡയറക്ടര്‍മാരും രാജിവെച്ചെരുന്നു.

എന്‍.ഡി.ടി.വിയുടെ പ്രൊമോട്ടര്‍ ഗ്രൂപ്പ് കമ്പനിയായ ആര്‍.ആര്‍.പി.ആര്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് പ്രണോയിയും രാധികയും രാജിവെച്ചത്.

Content Highlight: Senior Journalist Nidhi Razdan quits NDTV

We use cookies to give you the best possible experience. Learn more