ബി.ജെ.പി സ്നേഹസംഗമത്തിൽ എൻ.പി. ചെക്കുട്ടി; 'തെരഞ്ഞെടുപ്പിൽ നിലവിലെ വ്യവസ്ഥകള്‍ മാറ്റി പ്രപോഷണല്‍ പ്രാതിനിധ്യം നടപ്പിലാക്കണം'
Kerala News
ബി.ജെ.പി സ്നേഹസംഗമത്തിൽ എൻ.പി. ചെക്കുട്ടി; 'തെരഞ്ഞെടുപ്പിൽ നിലവിലെ വ്യവസ്ഥകള്‍ മാറ്റി പ്രപോഷണല്‍ പ്രാതിനിധ്യം നടപ്പിലാക്കണം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th February 2024, 10:56 pm

കോഴിക്കോട്: ബി.ജെ.പിക്ക് കേരളത്തില്‍ 15 ശതമാനം വോട്ടുണ്ടെങ്കിലും പാര്‍ട്ടിക്ക് സംസ്ഥാനത്ത് 15 ശതമാനം സീറ്റുകള്‍ ഇല്ലെന്ന പരാമര്‍ശവുമായി തേജസ് മുൻ പത്രാധിപർ എന്‍.പി. ചെക്കുട്ടി. ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രക്കിടെ കോഴിക്കോട് ഹോട്ടല്‍ മലബാര്‍ പാലസില്‍ നടന്ന സ്‌നേഹ സംഗമത്തിലാണ് എന്‍.പി. ചെക്കുട്ടിയുടെ പരാമര്‍ശം.

വോട്ടിങ് ശതമാനത്തിന് തുല്യമായ സീറ്റുകള്‍ ലഭിക്കാത്തതിനാല്‍ തന്നെ നിലവിലെ വ്യവസ്ഥകള്‍ മാറ്റി പ്രപോഷണല്‍ പ്രാതിനിധ്യം നടപ്പിലാക്കേണ്ടതുണ്ടെന്നും ചെക്കുട്ടി സ്‌നേഹ സംഗമത്തില്‍ പറഞ്ഞു.

‘ഞാന്‍ പ്രതിനിധീകരിക്കുന്നത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ മേഖലയെയാണ്. എനിക്ക് കേരള സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന പെന്‍ഷന്‍ തുക 11000 രൂപയാണ്. അതുവെച്ച് ജീവിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ പി.എഫ് വകയായി എനിക്ക് കിട്ടുന്നത് 1500 രൂപയും. ഇത്തരം വിഷയങ്ങളിലെ വര്‍ധനവിന് പിന്നില്‍ പൊതുപ്രവര്‍ത്തകരും പ്രവര്‍ത്തിക്കേണ്ടതുണ്ട്,’ കെ. സുരേന്ദ്രനോട് ചെക്കുട്ടി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്വാതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം ഒരുക്കുന്നതിലും അതിനായുള്ള പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കുന്നതിലും കെ. സുരേന്ദ്രന്‍ ശ്രദ്ധ ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എന്‍.വി. ചെക്കുട്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം മോദിയുടെ ഗ്യാരന്റിയെന്ന മുദ്രാവാക്യത്തോട് കൂടി ബി.ജെ.പി നടത്തുന്ന പദയാത്രക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയരുന്നുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നേതൃത്വം നല്‍കുന്ന പദയാത്രയുടെ വിവരങ്ങളടങ്ങിയ പോസ്റ്ററിലെ ജാതീയക്കെതിരെയാണ് നിലവിലെ വിമര്‍ശനം.

കോഴിക്കോട് വെച്ചുനടന്ന പദയാത്രക്കിടെയുള്ള ‘ഉച്ചയൂണ് എസ്.സി, എസ്.ടി നേതാക്കളോടൊപ്പം’ എന്നെഴുതിയ പോസ്റ്ററിനെതിരെയാണ് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്. ജാതീയമായ അധിക്ഷേപത്തിന്റെ അങ്ങേയറ്റമാണ് ബി.ജെ.പിയുടെ ഈ പോസ്റ്റര്‍.

കൂടാതെ കേരള പദയാത്ര ബി.ഡി.ജെ.എസ് ബഹിഷ്‌ക്കരിക്കുകയുണ്ടായി. കോഴിക്കോട് നടന്ന പരിപാടിയില്‍ ബി.ഡി.ജെ.എസ് നേതാക്കള്‍ പങ്കെടുത്തില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍.ഡി.എയുടെ പരിപാടികളില്‍ ബി.ഡി.ജെ.എസിനെ തഴയുന്നുവെന്ന് ആരോപിച്ചാണ് ബഹിഷ്‌ക്കരണമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Content Highlight: Senior Journalist N.V. Chekkutti has commented that although BJP has 15 percent votes in Kerala, the party does not have 15 percent seats in the state