ചെന്നൈ: മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്റേതെന്ന് ആരോപിക്കപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്തുവിട്ട മംഗളം ചാനലിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേണലിസം ചെയര്‍മാനുമായ ശശികുമാര്‍ രംഗത്ത്. ചാനലിന്റെ പ്രവൃത്തി മാധ്യമങ്ങളുടെ അധികാരത്തെ ദുരുപയോഗം ചെയ്യലാണെന്നും തീര്‍ത്തും അസഹനീയമാണെന്നു അദ്ദേഹം വിലയിരുത്തി.
ചാനലിന്റെ പേരെടുത്തു പറയാതെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രീയ പ്രവര്‍ത്തനത്തെ സസൂക്ഷമം വീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നത് മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നതില്‍ യാതൊരു സംശയമില്ല. എന്നാല്‍ ഒരു പൊതു പ്രവര്‍ത്തകന്റേയോ അല്ലെങ്കില്‍ സാധാരണക്കാരന്റെയോ അഭിമാനത്തേയും യശസ്സിനേയും തകര്‍ക്കാനായി “ഹണീ ട്രാപ്പിലൂടെ” കഥ മെനയുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. ഇത്തരം വാര്‍ത്തകള്‍ ചെയ്യുന്ന മാധ്യമത്തിന് മാധ്യമ ധര്‍മ്മം അവകാശപ്പെടാനോ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാനോ സാധിക്കില്ലെന്നും ശശികുമാര്‍ വ്യക്തമാക്കുന്നു.
മന്ത്രിയുടെ സഹായം തേടിയെത്തിയ ഒരു സ്ത്രീയുമായി അദ്ദേഹം ഫോണിലൂടെ ലൈംഗിക സംഭാഷണം നടത്തുന്നു എന്നായിരുന്നു ചാനലിന്റെ ഭാഷ്യം. എന്നാല്‍ എന്തായിരുന്നു ഇവിടുത്തെ സാഹചര്യമെന്ന് ചാനല്‍ നമ്മളോട് പറയുന്നില്ല. വാര്‍ത്തയെ കുറിച്ച് പ്രേക്ഷകര്‍ക്ക് യാതൊരു സ്ഥിരീകരണവും അവര്‍ നല്‍കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
മന്ത്രിയുമായുള്ള സംഭാഷണത്തിന്റെ എഡിറ്റ് ചെയ്ത ഭാഗമാണ് ചാനല്‍ ടെലികാസ്റ്റ് ചെയ്തത്. അതുകൊണ്ടു തന്നെ ഉഭയസമ്മതത്തോടെയുള്ള സംസാരമായിരുന്നോ അതെന്നും മറുവശത്ത് ഉണ്ടായിരുന്നത് ഒരു സ്ത്രീ തന്നെയായിരുന്നുവോ എന്നും അറിയില്ല. ഒരാളെ വ്യക്തിഹത്യ ചെയ്യാന്‍ വേണ്ടി മാത്രമുള്ള ശ്രമമാണിതെന്നും അദ്ദേഹം പോസ്റ്റില്‍ കുറിക്കുന്നു.
“എവിടെ പരാതിക്കാരന്‍? എന്തെങ്കിലും പരാതിയുണ്ടോ? ഉണ്ടെങ്കില്‍ എന്താണ് പരാതി?” അദ്ദേഹം ചോദിക്കുന്നു. വാര്‍ത്ത സൃഷ്ടിക്കാനായി ഒരാളുടെ ഭാഗം മാത്രം അടര്‍ത്തിയെടുത്ത് കേള്‍പ്പിച്ചത് അധാര്‍മ്മികവും മാധ്യമപ്രവര്‍ത്തനത്തിന്റെ വിശ്വാസ്യതയെ തന്നെ തകര്‍ക്കുന്നതാണെന്നും ശശികുമാര്‍ പറയുന്നു.
ആരാണ് ആ സംഭാഷണം റെക്കോര്‍ഡ് ചെയ്‌തെന്നത് ഒരു നിഗൂഡതയായി തുടരുന്നുവെന്നും അത് അനുവദിക്കാന്‍ പാടില്ലാത്തതാണെന്നും അഭിപ്രായപ്പെട്ട ശശികുമാര്‍ ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെടുന്നു.
ഗുരുതരമായ കുറ്റകൃത്യമാണ് ചാനല്‍ ചെയ്തതെന്നും കുട്ടികളടക്കമുള്ള കുടുംബപ്രേക്ഷകരിലേക്ക് എങ്ങനെയാണ് അശ്ശീലമായ ഫോണ്‍ സംഭാഷണം ചാനല്‍ അവതരിപ്പിക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു. വാര്‍ത്തകളെ അശ്ശീലവത്കരിക്കുകയല്ലേ ചാനല്‍ ചെയ്തിരിക്കുന്നത് എന്ന് ചോദിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ റീജിയണല്‍ ചാനലായ ഏഷ്യാനെറ്റിന്റെ സ്ഥാപകനാണ് പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ശശികുമാര്‍.