| Monday, 16th October 2023, 8:58 pm

എന്‍.ഡി.എയില്‍ ജെ.ഡി.എസ് ചേരില്ല; പാര്‍ട്ടിയിലെ പിളര്‍പ്പിനെക്കുറിച്ച് സൂചന നല്‍കി സി.എം. ഇബ്രാഹിം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി കൈകോര്‍ക്കാനുള്ള ജനതാദള്‍ സെക്കുലറിന്റെ തീരുമാനത്തില്‍ പാര്‍ട്ടിക്കുള്ളില്‍ കലാപം. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയില്‍ ജെ.ഡി.എസ് ചേരില്ലെന്ന് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ സി.എം. ഇബ്രാഹിം പറഞ്ഞു.

പാര്‍ട്ടിയിലെ പിളര്‍പ്പിനെക്കുറിച്ച് സൂചന നല്‍കിയ സി.എം. ഇബ്രാഹിം തന്റെ വിഭാഗം യഥാര്‍ത്ഥ ജെ.ഡി.എസ് ആണെന്നും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ താന്‍ കര്‍ണാടകയിലെ സംഘടനയെക്കുറിച്ച് തീരുമാനമെടുക്കുമെന്നും അവകാശപ്പെട്ടു.

ജെ.ഡി.എസിന്റെ കര്‍ണാടക സംസ്ഥാന പ്രസിഡന്റെന്ന നിലയില്‍ എന്‍.ഡി.എയുമായി സഖ്യം ചേരുന്നതിനെകുറിച്ച് താന്‍ തീരുമാനമെടുക്കുമെന്നും ഇബ്രാഹിം വ്യക്തമാക്കി.

‘ജെ.ഡി.എസ് എന്‍.ഡി.എയ്ക്കൊപ്പം പോകില്ല എന്നതാണ് ഞങ്ങളുടെ ആദ്യ തീരുമാനം. ഈ സഖ്യത്തിന് സമ്മതം നല്‍കരുതെന്ന് ദേവഗൗഡയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

ദേവഗൗഡയെ കണ്ട് ഇന്നത്തെ യോഗത്തില്‍ എടുത്ത തീരുമാനം അറിയിക്കാന്‍ ഒരു കോര്‍ കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേവഗൗഡയും കുമാരസ്വാമിയും ബി.ജെ.പിക്കൊപ്പം പോകാന്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പോകാമെന്നും എം.എല്‍.എമാര്‍ എന്ത് തീരുമാനമെടുക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.

എം.എല്‍.എമാരില്‍ പലരും താനുമായി ബന്ധപ്പെടുന്നുണ്ട്. ആരുടെയും പേര് പുറത്തുപറയുന്നില്ല. പറഞ്ഞാല്‍ അവര്‍ക്കുമേല്‍ സമ്മര്‍ദം വരും. ഓരോ എം.എല്‍.എമാരെയും താന്‍ നേരില്‍ക്കണ്ട് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Senior JDS leader revolts against Deve Gowda’s alliance decision

We use cookies to give you the best possible experience. Learn more