ടെൽ അവീവ്: ഗസയിലെ ഇസ്രഈൽ യുദ്ധം അവസാനമില്ലാതെ തുടർന്നുകൊണ്ടിരിക്കെ ഇസ്രഈൽ സേനയിൽ ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥർ കൂട്ടത്തോടെ രാജിവെക്കുന്നതായി റിപ്പോർട്ട്.
ഇസ്രഈൽ സൈനിക വക്താക്കളുടെ യൂണിറ്റിന്റെ മേധാവി റിയർ അഡ്മിറൽ ഡാനിയേൽ ഹഗരി പദവിയിൽ നിന്നൊഴിഞ്ഞതായി ചാനൽ 14 റിപ്പോർട്ട് ചെയ്തു. ഹഗരിയുടെ സംഘത്തിലെ രണ്ടാമനായ കേണൽ ബത്ബുൽ, കേണൽ മോറൻ കാറ്റ്സ്, ഇസ്രഈൽ സേനയുടെ അന്താരാഷ്ട്ര വക്താവ് ലെഫ്റ്റനന്റ് റിച്ചാർഡ് ഹെക്ട് എന്നിവരും രാജിവെച്ചവരിൽ ഉൾപ്പെടുന്നു.
സൈനിക നീക്കത്തിനെതിരെയുള്ള പ്രതിഷേധവും വ്യക്തിപരമായ കാരണങ്ങളുമാണ് രാജിക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
യുദ്ധസമയത്തെ അസ്വാഭാവിക നീക്കം ഇസ്രഈലി സേനയുടെ വക്താക്കളുടെ യൂണിറ്റിലെ അസ്വാരസ്യങ്ങൾ പ്രതിഫലിപ്പിക്കുന്നതാണെന്നും ചാനൽ 14ന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇസ്രഈൽ സൈന്യം ഗസയിലെ യുദ്ധത്തിൽ വലിയ വില നൽകേണ്ടി വരുന്നുണ്ടെന്ന് ഈയിടെ ഇസ്രഈൽ സൈനികകാര്യ മന്ത്രി യോവ ഗാലന്റ് സമ്മതിച്ചിരുന്നു.
ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധം അഞ്ച് മാസം പിന്നിട്ടിട്ടും പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാൻ ഇസ്രഈലിന് ഇതുവരെ സാധിച്ചിട്ടില്ല. ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ട് അനുഗ്രഹിച്ച് യുദ്ധമുഖത്തേക്ക് പറഞ്ഞയച്ച ഗോലാനി ബ്രിഗേഡിനെ ഗസയിൽ നിന്ന് തിരിച്ചുവിളിച്ചതോടെ ഇസ്രഈൽ സേന പരാജയപ്പെടുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
ഇസ്രഈൽ സേനക്ക് 7,000 അധിക സൈനികരെ ആവശ്യമുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Content Highlight: Senior Israeli military officers step down as mass resignations rattle ranks