വാഷിങ്ടണ്‍: സൊമാലിയയില്‍ യു.എസ് നടത്തിയ സൈനിക ഓപ്പറേഷനില്‍ ഐ.എസ് നേതാവ് ബിലാല്‍ അല്‍-സുഡാനി കൊല്ലപ്പെട്ടു. യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവ് പ്രകാരമാണ് ആക്രമണം നടന്നതെന്നും സാധാരണ ജനങ്ങള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടില്ലെന്നും യു.എസ് പ്രതിരോധ സെക്രട്ടറി അറിയിച്ചു.
ബിലാല്‍ അല്‍-സുഡാനിയെ കൂടാതെ പത്തോളം ഐ.എസ് പ്രവര്‍ത്തര്‍ കൂടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും ഓസ്റ്റിന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
‘ജനുവരി 25ന് യു.എസ് പ്രസിഡന്റിന്റെ ഉത്തരവനുസരിച്ച് യു.എസ് സൈന്യം വടക്കന്‍ സൊമാലിയയില്‍ ഒരു ഓപ്പറേഷന്‍ നടത്തി. ഈ ആക്രമണം ബിലാല്‍ അല്‍-സുഡാനി ഉള്‍പ്പെടെയുള്ള നിരവധി ഐ.എസ് പ്രവര്‍ത്തകരുടെ മരണത്തിന് കാരണമായി,’ യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പ്രസ്താവനയിലൂടെ പറഞ്ഞു.
ആഫ്രിക്കയില്‍ വര്‍ധിച്ചുവരുന്ന ഐ.എസിന്റെ സാന്നിധ്യം വളര്‍ത്തിയെടുക്കുന്നതിലും അഫ്ഗാനിസ്ഥാനില്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ഐ.എസ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്ക്ക് ധനസഹായം നല്‍കുന്നതിനും അല്‍- സുഡാനി മുഖ്യ കണ്ണിയായി പ്രവര്‍ത്തിച്ചുവെന്നും ലോയ്ഡ് ഓസ്റ്റിന്‍ പ്രസ്താവനയിലൂടെ പറഞ്ഞു.
അല്‍- സുഡാനി ഐ.എസില്‍ ചേരുന്നതിന് മുമ്പ് മേഖലയിലെ പ്രധാന തീവ്രവാദ സംഘടനയായ അല്‍- ഷബാബിന് വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും പരിശീലിപ്പിക്കുന്നതിലും സാമ്പത്തികമായി സഹായിക്കുന്നതിലും സുഡാനി പങ്കുവഹിച്ചിരുന്നു.
ഇതിനെത്തുടര്‍ന്ന് 2012 മുതല്‍ ബിലാല്‍ അല്‍-സുഡാനിക്കെതിരെ യു.എസ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു.