| Tuesday, 11th October 2022, 12:47 pm

നിങ്ങളവൻ പന്തെറിയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? സ്പിന്നിങ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്, എജ്ജാതി ലെങ്ത് ബൗളിങ്ങാണിഷ്ടാ!

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പർ താരം ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ടി20 ലോകകപ്പിൽ ഇന്ത്യൻ ബോളിങ് നിരയുടെ കാര്യം കുറച്ച് കഷ്ടത്തിലാകും. ഈ വർഷം ടി20യിൽ ആറ് തവണയാണ് ഇന്ത്യ ഇരുനൂറിലധികം റൺസ് വഴങ്ങിയത്. ഇന്ത്യയുടെ ടി20 ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്.

ലോകകപ്പിന് മുമ്പ് ഇന്ത്യൻ ബൗളിങ് നിരയെ കുറിച്ച് വിലയിരുത്തൽ നടത്തുകയായിരുന്നു സീനിയർ താരമായ ആർ അശ്വിൻ. ഓസ്‌ട്രേലിയൻ മൈതാനങ്ങൾ ഇന്ത്യയിലുള്ളതിനെക്കാൾ എത്രയോ വലുതാണെന്നും ബൗളർമാർക്ക് തന്ത്രങ്ങൾ പരീക്ഷിക്കാൻ കൂടുതൽ അവസരം ഒരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

റിസ്റ്റ് സ്പിന്നറായ കുൽദീപ് യാദവിന്റെ ബൗളിങ്ങിലെ വൈദഗ്ധ്യത്തെ കുറിച്ച് അശ്വിൻ സംസാരിച്ചു. ഒരു സ്പിന്നർ എങ്ങനെയായിരിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് കുൽദീപ് യാദവെന്നും സ്ഥിരതയോടെ ഒരു പ്രത്യേക ലെങ്തിൽ പന്തെറിയാൻ അദ്ദേഹത്തിനറിയാമെന്നും അശ്വിൻ ചൂണ്ടിക്കാട്ടി.

ഗെയ്മിന്റെ ദൈർഘ്യമേറിയ ഫോർമാറ്റുകളിൽ അഭിവൃദ്ധി പ്രാപിക്കാനുള്ള കഴിവ് 27കാരനുണ്ടെന്നാണ് അശ്വിൻ പറഞ്ഞത്. ഇഷ്ടാനുസരണം ലെങ്ത് അഡ്ജസ്റ്റ് ചെയ്ത് പന്തെറിയാനുള്ള കഴിവ് താരത്തിനുള്ളത് കൊണ്ടാണതെന്നും അദ്ദേഹം വ്യക്തമാക്കി.

”റിസ്റ്റ് സ്പിന്നർമാരെ കുറിച്ച് പറയുമ്പോൾ കുൽദീപ് യാദവിനെ കുറിച്ച് ഞാനെപ്പോഴും ആലോചിക്കാറുണ്ട്. നീണ്ട ഫോർമാറ്റിൽ ആവശ്യമായ ലെങ്ത് ബൗൾ ചെയ്യാനുള്ള അത്ഭുത സിദ്ധി അദ്ദേഹത്തിനുണ്ട്. അവന് ഏത് സാഹചര്യത്തിൽ വേണമെങ്കിലും കളിക്കാൻ സാധിക്കും. ഒരു റിസ്റ്റ് സ്പിന്നറെ സംബന്ധിച്ചിടത്തോളം അത് മികച്ച ഗുണമാണ്,” അശ്വിൻ പറഞ്ഞു.

സാഹചര്യങ്ങൾ മനസിലാക്കുക പ്രധാനമാണെന്നും ഏത് ലെങ്തിൽ പന്തെറിയണം എന്ന തിരിച്ചറിവുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർ്ത്തു.

ലോകകപ്പിന് അധിക നാൾ ഇല്ലെന്നിരിക്കെ ജസ്പ്രീത് ബുംറയുടെ പകരക്കാരൻ ആരായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മുഹമ്മദ് ഷമി പകരക്കാരനായെത്തുമെന്ന് സൂചനയുണ്ട്.

Content Highlights: Senior Indian Cricketer praises Indian Wrist bowler

We use cookies to give you the best possible experience. Learn more