ഇസ്രഈല്‍ ആക്രമണത്തില്‍ മുതിര്‍ന്ന ഹിസ്ബുള്ള കമാന്‍ഡര്‍ ഇബ്രാഹിം ആഖില്‍ കൊല്ലപ്പെട്ടു
World News
ഇസ്രഈല്‍ ആക്രമണത്തില്‍ മുതിര്‍ന്ന ഹിസ്ബുള്ള കമാന്‍ഡര്‍ ഇബ്രാഹിം ആഖില്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st September 2024, 8:23 am

ബെയ്‌റൂത്ത്: ലെബനന്‍ അതിര്‍ത്തിയിലേക്ക് ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഹിസ്ബുള്ള കമാന്‍ഡര്‍ ഇബ്രാഹിം ആഖില്‍ അടക്കം 12 പേര്‍ കൊല്ലപ്പെട്ടു.

തലസ്ഥാന നഗരമായ ബെയ്‌റൂത്തിന് സമീപമുള്ള ജനവാസ കേന്ദ്രമായ ദാഹിയയില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ആഖില്‍ കൊല്ലപ്പെട്ടതെന്ന് ഹിസ്ബുള്ള സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ 66ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘടനയുടെ എലൈറ്റ് റദ്വാന്‍ യൂണിറ്റിന്റെ കമാന്‍ഡറാണ് കൊല്ലപ്പെട്ട ആഖില്‍.

ആഖിലിന്റെ മരണം ഇസ്രഈല്‍ പ്രതിരോധ സേനയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്രഈല്‍ പ്രദേശമായ ഗലീലി കീഴടക്കാന്‍ ആഖിലിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രമം നടത്തിയിരുന്നതായി ഐ.ഡി.എഫ് വക്താവ് ഡാനിയല്‍ ഹരാരി ആരോപിച്ചതായി ബി.ബി.സി റിപ്പോട്ട് ചെയ്തു.

‘അവര്‍ തെക്കന്‍ ബെയ്റൂത്തിലെ ദഹിയയ്ക്ക് സമീപമുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ ഭൂഗര്‍ഭ ഭാഗത്ത് ലെബനീസ് പൗരന്‍മാര്‍ക്കിടയില്‍ ഒളിച്ചിരിക്കുകയായിരുന്നു. കൊല്ലപ്പെട്ട വ്യക്തികളെല്ലാം തന്നെ ഹിസ്ബുള്ളയുടെ ഗലീലിയെ കീഴടക്കാനുള്ള പദ്ധതിയുടെ ആസൂത്രകരാണ്. അവര്‍ ഇസ്രഈല്‍ പ്രദേശങ്ങളിലേക്ക് നുഴഞ്ഞുകയറാനും സിവിലിയന്‍മാരെ കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നു,’ ഹരാരി കൂട്ടിച്ചേര്‍ത്തു.

ഹിസ്ബുള്ളയുടെ സൈനിക വിഭാഗമായ ജിഹാദ് കൗണ്‍സിലിലെ അംഗമായ ആഖില്‍ യു.എസ് നീതിന്യായ വകുപ്പ് ഭീകരവാദിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വ്യക്തിയാണ്. കൂടാതെ ഇയാളെ കണ്ടെത്തുന്നവര്‍ക്ക് സാമ്പത്തിക പാരിതോഷികം നല്‍കുമെന്നും യു.എസ് വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ
1980ല്‍ ബെയ്റൂത്തിലെ യു.എസ് എംബസിയില്‍ നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കിയ ആക്രമണത്തിലെ പ്രധാനിയുമായിരുന്നു ആഖില്‍.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഹിസ്ബുള്ള കമാന്‍ഡറാണ് ആഖില്‍. കഴിഞ്ഞ മാസം ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന ഹിസ്ബുള്ള നേതാവ് ഫൗദ് ഷുകൂര്‍ കൊല്ലപ്പെട്ടിരുന്നു.

അതേസമയം ഇസ്രഈലിന്റെ വടക്കന്‍ മേഖലകളിലെ സൈനിക കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയതായി വെള്ളിയാഴ്ച ഹിസ്ബുള്ള അറിയിച്ചിരിന്നു. ഹിസ്ബുള്ള 140ഓളം റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഐ.ഡി.എഫും സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം പേജര്‍ അറ്റാക്കിന് ഇസ്രഈലിനോട് പ്രതികാരം വീട്ടുമെന്ന് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ള അറിയിച്ചിരുന്നു. ഇതിന പിന്നാലെയാണ് ആഖില്‍ കൊല്ലപ്പെട്ടത്.

Content Highlight: Senior Hezbollah commander Ibrahim Aqil  killed in Israel attack