|

മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എന്‍. ശങ്കരയ്യ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എന്‍. ശങ്കരയ്യ അന്തരിച്ചു. സി.പി.ഐ.എമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളും സ്വാതന്ത്ര്യ സമര സേനാനിയുമാണ്. 102 വയസ്സായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. പനി ബാധിച്ച് ഇന്നലെയാണ് ശങ്കരയ്യയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

1941ല്‍ മധുരയിലെ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരഭിക്കുന്നത്. മൂന്ന് തവണ തമിഴ്‌നാട് നിയമസഭ അംഗമായിരുന്നു. 1964ല്‍ സി.പി.ഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങി വന്ന് സി.പി.ഐ.എം രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന അവസാന രണ്ട് പേരില്‍ ഒരാളായിരുന്നു ശങ്കരയ്യ. ഇനി വി.എസ്. അച്യുതാനന്ദന്‍ മാത്രമാണ് ആ തലമുറയില്‍ നിന്നും ജീവിച്ചിരിക്കുന്ന ഏക വ്യക്തി.

1922ല്‍ മധുരയിലാണ് ശങ്കരയ്യയുടെ ജനനം. അഞ്ചാംക്ലാസ് വരെ തൂത്തുകുടിയിലും പിന്നീട് മധരയിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 17ാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ ശങ്കരയ്യ 1962ലെ ഇന്ത്യ-ചൈന യുദ്ധ സമയത്ത് ജയിലില്‍ അടക്കപ്പെട്ട കമ്യൂണിസ്റ്റ് പ്രവര്‍ത്തകരിലൊരാളായിരുന്നു.

കയ്യൂര്‍ സഖാക്കളെ തൂക്കിലേറ്റുന്ന സമയത്ത് ശങ്കരയ്യയും കണ്ണൂര്‍ ജയിലിലെ തടവുകാരനായുണ്ടായിരുന്നു. 1967ലും ശങ്കരയ്യ ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി 17 മാസമാണ് അന്ന് അദ്ദേഹത്തിന് ജയിലില്‍ കിടക്കേണ്ടി വന്നത്. 1967,1977,1980 വര്‍ഷങ്ങളില്‍ സി.പി.ഐ.എം അംഗമായി തമിഴ്‌നാട് നിയമസഭയിലെത്തി. 2016ല്‍ അന്തരിച്ച നവമണി അമ്മാളായിരുന്നു ശങ്കരയ്യയുടെ പങ്കാളി.

content highlights: Senior CPIM leader N. Shankaraiah passed away.