തിരുവനന്തപുരം: മുതിര്‍ന്ന സി.പി.ഐ.എം നേതാവും സി.ഐ.ടി.യു പ്രസിഡന്റുമായിരുന്ന ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു. 86 വയസായിരുന്നു. രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1987, 96, 2006 വര്‍ഷങ്ങളില്‍ ആറ്റിങ്ങലില്‍ നിന്നുമുള്ള നിയമസഭാംഗമായിരുന്നു.
കയര്‍ മേഖലയിലെ തൊഴിലാളി പ്രക്ഷോഭങ്ങളിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തുടക്കം കുറിച്ചത്. തൊഴിലാളികളെ സംഘടിപ്പിച്ചാണ് ട്രേഡ് യൂണിയന്‍ തലപ്പത്തേക്ക് എത്തുന്നത്. കൗമാര പ്രായത്തില്‍ തന്നെ ആനത്തലവട്ടം ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
വിവിധ ട്രേഡ് യൂണിയന്‍ പ്രക്ഷോഭങ്ങളിലും പണിമുടക്കുകളിലും ആനന്ദന്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്. നിരവധി തവണ അറസ്റ്റുചെയ്യപ്പെടുകയും തടങ്കലില്‍ വെക്കുകയും പ്രതിഷേധത്തിനിടെ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലത്ത് ഒന്നരവര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ ആനത്തലവട്ടത്തെ ആഭ്യന്തര സുരക്ഷാ നിയമപ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 1976 നവംബറില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും അടിയന്തരാവസ്ഥ പിന്‍വലിക്കുന്നത് വരെ തടങ്കലില്‍ വയ്ക്കുകയും ചെയ്തിരുന്നു.
1979 മുതല്‍ സി.ഐ.ടി.യുവിന്റെ അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗവും സി.ഐ.ടി.യുവിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1979 മുതല്‍ 84 വരെ ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
1973ല്‍ കേരള കയര്‍ വര്‍ക്കേഴ്‌സ് സെന്റര്‍ ജനറല്‍ സെക്രട്ടറിയായി ആനന്ദന്‍ തിരഞ്ഞെടുക്കപ്പെട്ടു. സെന്റര്‍ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ശേഷം 2017ല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1970 മുതല്‍ 1995 വരെ തിരുവിതാംകൂര്‍ കയര്‍തൊഴിലാളി യൂണിയന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1971ല്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലേക്കും 1984ല്‍ സംസ്ഥാന കമ്മിറ്റിയിലേക്കും 2009ല്‍ സി.പി.ഐ.എം സെക്രട്ടേറിയറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ജില്ലയില്‍ നിന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിനെ പ്രതിനിധീകരിച്ച ആദ്യ അംഗമാണ് ആനന്ദന്‍. 2006 മുതല്‍ 2011 വരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭയില്‍ സര്‍ക്കാരിന്റെ ചീഫ് വിപ്പായിരുന്നു.
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ വെച്ച് പ്രായ പരിഗണന വെച്ച് സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്നും ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവായി നിലനിര്‍ത്തി. സി.ഐ.ടി.യുവിന്റെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു.
Content Highlight: Senior CPIM leader and CITU president Ananthalavattam Anandan passed away