| Wednesday, 3rd July 2019, 7:23 pm

രാഹുല്‍ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍; മോത്തിലാല്‍ വോറയെ അധ്യക്ഷനാക്കിയിട്ടില്ലെന്നും വിശദീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോത്തിലാല്‍ വോറയെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷനാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എ.എന്‍.ഐയോട് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രാഹുലിന്റെ രാജി സ്വീകരിക്കുന്നത് വരെ അദ്ദേഹം അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നും നേതാക്കള്‍ എ.എന്‍.ഐയോട് പറഞ്ഞു.

തന്നെ ഇടക്കാല അധ്യക്ഷനാക്കിയെന്ന വാര്‍ത്തകള്‍ സംബന്ധിച്ച് തനിക്ക് അറിവൊന്നുമില്ലെന്ന് മോത്തിലാല്‍ വോറയും പ്രതികരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുല്‍ഗാന്ധിയുടെ പരസ്യമായ രാജി പ്രഖ്യാപനത്തിന് പിന്നാലെ മോത്തിലാല്‍ വോറയെ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ സ്ഥിരീകരണം വന്നിട്ടില്ല.

രാജിവെക്കുന്നതിനുള്ള കാരണവും പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശവും ഉള്‍ക്കൊള്ളിച്ച് നാല് പേജുള്ള കത്ത് രാഹുല്‍ ഗാന്ധി ട്വിറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്കാണെന്ന് രാഹുല്‍ കത്തില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ നിര്‍ണായകമായ ഭാവിയിലും വളര്‍ച്ചയിലും തനിക്ക് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടാണ് രാജിവെക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ സ്വന്തം ഉത്തരവാദിത്തം മാറ്റിനിര്‍ത്തി മറ്റുള്ളവരുടെ ഉത്തരവാദിത്തെ ചോദ്യം ചെയ്യുന്നത് അനീതിയാണെന്നും രാഹുല്‍ കത്തില്‍ പറയുന്നുണ്ട്.

രാഷ്ട്രീയ അധികാരത്തിനായുള്ള ലളിതമായ ഒരു പോരാട്ടമല്ലായിരുന്നു തന്റേതെന്നും തനിക്ക് ബി.ജെ.പിയോട് വിദ്വേഷമോ പകയോ ഇല്ല. എന്നാല്‍ തന്റെ ശരീരത്തിലെ എല്ലാ കോശങ്ങളും ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ആശയങ്ങളെ വ്യക്തമായി പ്രതിരോധിക്കുമെന്നും രാഹുല്‍ പറയുന്നു.

We use cookies to give you the best possible experience. Learn more