| Wednesday, 13th March 2019, 11:06 am

വയനാട്ടിലാണെങ്കില്‍ വല്ലപ്പോഴും ചെന്നാല്‍ മതി; കെ.സി വേണുഗോപാലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ വയനാടിനെ വിലകുറച്ച് കാണിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലാണ് കെ.സി വേണുഗോപാലല്‍ മല്‍സരിക്കുന്നതെങ്കില്‍ വല്ലപ്പോഴും മണ്ഡലത്തില്‍ സാന്നിധ്യം അറിയിച്ചാല്‍ മതിയാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മനോരമാ ന്യൂസിന്റെ ചാനല്‍ ചര്‍ച്ചയിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വയനാടിനെ വിലകുറച്ച് കാണിച്ച് സംസാരിച്ചത്.

കോണ്‍ഗ്രസിന്റെ ഓഫീസ് സെക്രട്ടറി കൂടിയായ വേണുഗോപാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിച്ചാല്‍ 24 മണിക്കൂറും വയനാട്ടില്‍ നില്‍ക്കേണ്ടതില്ലെന്നും രാഹുല്‍ ഗാന്ധിയെ പോലെയോ സോണിയ ഗാന്ധിയെ പോലെയോ വല്ലപ്പോഴും മണ്ഡലത്തില്‍ സാന്നിധ്യം അറിയിച്ചാല്‍ മതിയാകും എന്നുമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്.


“രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്, സോണിയാ ഗാന്ധി മത്സരിക്കുന്നുണ്ട്. കെ.സി വേണുഗോപാല്‍ കോണ്‍ഗ്രസിന്റെ ഓഫീസ് സെക്രട്ടറി കൂടിയാണ്. ഓഫീസിന്റെ ചുമതലക്കാരന്‍ കൂടിയാണ്. എല്ലാ ജോലികളും അദ്ദേഹത്തിനു ചെയ്യണമെങ്കില്‍ അദ്ദേഹത്തിനു സൗകര്യപ്രദമായി ജോലി നിര്‍വഹിക്കണമെങ്കില്‍ രാഹുല്‍ ഗാന്ധിയെ പോലെ സോണിയാ ഗാന്ധിയെ പോലെ, 24 മണിക്കൂറും തന്റെ മണ്ഡലം ശ്രദ്ധിക്കേണ്ട ഒരു സാഹചര്യമുണ്ടായാല്‍ അദ്ദേഹത്തിന്റെ ദല്‍ഹിയിലെ ജോലിക്ക് അത് വിഘ്‌നം സംഭവിക്കും.

അതുകൊണ്ട് ചിലപ്പോള്‍ വയനാട്ടില്‍ അദ്ദേഹം മത്സരിച്ചുകൂടെന്നില്ല. വയനാട്ടിലാവുമ്പോള്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും അവരുടെ മണ്ഡലത്തില്‍ പോകുന്നതുപോലെ വല്ലപ്പോഴും അവിടെയൊക്കെ ചെന്ന് സാന്നിധ്യം അറിയിച്ചാല്‍ മതി. പരിപൂര്‍ണമായി ആ മണ്ഡലത്തില്‍ വേണുഗോപാല്‍ നില്‍ക്കേണ്ടി വരില്ല. അതുകൊണ്ട് വേണുഗോപാല്‍ ഒരുപക്ഷേ വയനാട്ടില്‍ മത്സരിക്കാം”- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന വയനാട്ടിലെ വോട്ടര്‍മാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്.

എം.ഐ ഷാനവാസ് വയനാട്ടുകാരോട് എന്തു ചെയ്തുവോ അതുതന്നെ ചെയ്യാനാണ് ഇനി വരുന്ന എല്ലാ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളും ആഗ്രഹിക്കുന്നത് എന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞതെന്ന് ഒരു വോട്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.


ജയിപ്പിക്കാന്‍ ഒരു കാരണം പോലും പറയാനില്ലാത്ത ഷാനവാസിനെ രണ്ടു തവണ ലോകസഭയിലേക്ക് പറഞ്ഞു വിട്ടവരാണ് വയനാട്ടുകാരെന്നും കഴിഞ്ഞ 10 വര്‍ഷമായി യാതൊരു വികസന പ്രവര്‍ത്തനവും വയനാട്ടില്‍ ഷാനവാസ് ചെയ്തിട്ടില്ലെന്നും വോട്ടര്‍മാര്‍ പറയുന്നു. ഇത് തന്നെ ആയിരിക്കും ഇനിയും വരാന്‍ പോകുന്ന കോണ്‍ഗ്രസ് എം.പിമാര്‍ വയനാട്ടില്‍ ചെയ്യാന്‍ പോകുന്നതെന്നും വോട്ടര്‍മാര്‍ പറയുന്നു.

ആദ്യ തവണ ജയിച്ചു പോയ ഷാനവാസ് വയനാട്ടില്‍ ആകെ ചെയ്തത് കുറച്ച് ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിക്കുക മാത്രമാണെന്നും അങ്ങനെയാണ് ലൈറ്റ് എം.പി എന്നു പേരു വീണതെന്നും മറ്റൊരു വോട്ടര്‍ പറയുന്നു. കല്‍പ്പറ്റയിലും മാനന്തവാടിയിലും “എം.പിയെ കാണ്‍മാനില്ല” എന്ന ബോര്‍ഡുകള്‍ പലതവണ ഉയര്‍ന്നിട്ടുണ്ടെന്നും വോട്ടര്‍ പറഞ്ഞു.

ഷാനവാസ് വയനാട്ടില്‍ കൊണ്ടുവന്ന മെഡിക്കല്‍ കോളെജും റെയില്‍ പാതയും ഗതാഗതക്കുരുക്ക് കൊണ്ട് പൊറുതിമുട്ടിയ റോഡുകള്‍ക്ക് ബദലായി ആകാശത്തിലൂടെ കൊണ്ടുവന്ന റോപ് വേയും മികച്ച വികസന മാതൃകയായി കോണ്‍ഗ്രസ് ഉയര്‍ത്തി കാണിക്കണമെന്ന് ഒരു വോട്ടര്‍ പരിഹസിച്ചു.

കഴിഞ്ഞ 10 വര്‍ഷമായി വയനാടില്‍ യാതൊരുവിധ വികസനവും കൊണ്ടുവരാത്ത കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ആത്മാഭിമാനമുള്ള വയനാടിന്റെ വോട്ടില്ലെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more