കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലാണ് കെ.സി വേണുഗോപാലല്‍ മല്‍സരിക്കുന്നതെങ്കില്‍ വല്ലപ്പോഴും മണ്ഡലത്തില്‍ സാന്നിധ്യം അറിയിച്ചാല്‍ മതിയാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മനോരമാ ന്യൂസിന്റെ ചാനല്‍ ചര്‍ച്ചയിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വയനാടിനെ വിലകുറച്ച് കാണിച്ച് സംസാരിച്ചത്.
കോണ്‍ഗ്രസിന്റെ ഓഫീസ് സെക്രട്ടറി കൂടിയായ വേണുഗോപാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിച്ചാല്‍ 24 മണിക്കൂറും വയനാട്ടില്‍ നില്‍ക്കേണ്ടതില്ലെന്നും രാഹുല്‍ ഗാന്ധിയെ പോലെയോ സോണിയ ഗാന്ധിയെ പോലെയോ വല്ലപ്പോഴും മണ്ഡലത്തില്‍ സാന്നിധ്യം അറിയിച്ചാല്‍ മതിയാകും എന്നുമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്.
“രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്, സോണിയാ ഗാന്ധി മത്സരിക്കുന്നുണ്ട്. കെ.സി വേണുഗോപാല്‍ കോണ്‍ഗ്രസിന്റെ ഓഫീസ് സെക്രട്ടറി കൂടിയാണ്. ഓഫീസിന്റെ ചുമതലക്കാരന്‍ കൂടിയാണ്. എല്ലാ ജോലികളും അദ്ദേഹത്തിനു ചെയ്യണമെങ്കില്‍ അദ്ദേഹത്തിനു സൗകര്യപ്രദമായി ജോലി നിര്‍വഹിക്കണമെങ്കില്‍ രാഹുല്‍ ഗാന്ധിയെ പോലെ സോണിയാ ഗാന്ധിയെ പോലെ, 24 മണിക്കൂറും തന്റെ മണ്ഡലം ശ്രദ്ധിക്കേണ്ട ഒരു സാഹചര്യമുണ്ടായാല്‍ അദ്ദേഹത്തിന്റെ ദല്‍ഹിയിലെ ജോലിക്ക് അത് വിഘ്‌നം സംഭവിക്കും.
അതുകൊണ്ട് ചിലപ്പോള്‍ വയനാട്ടില്‍ അദ്ദേഹം മത്സരിച്ചുകൂടെന്നില്ല. വയനാട്ടിലാവുമ്പോള്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും അവരുടെ മണ്ഡലത്തില്‍ പോകുന്നതുപോലെ വല്ലപ്പോഴും അവിടെയൊക്കെ ചെന്ന് സാന്നിധ്യം അറിയിച്ചാല്‍ മതി. പരിപൂര്‍ണമായി ആ മണ്ഡലത്തില്‍ വേണുഗോപാല്‍ നില്‍ക്കേണ്ടി വരില്ല. അതുകൊണ്ട് വേണുഗോപാല്‍ ഒരുപക്ഷേ വയനാട്ടില്‍ മത്സരിക്കാം”- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന വയനാട്ടിലെ വോട്ടര്‍മാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്.
എം.ഐ ഷാനവാസ് വയനാട്ടുകാരോട് എന്തു ചെയ്തുവോ അതുതന്നെ ചെയ്യാനാണ് ഇനി വരുന്ന എല്ലാ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളും ആഗ്രഹിക്കുന്നത് എന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞതെന്ന് ഒരു വോട്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ജയിപ്പിക്കാന്‍ ഒരു കാരണം പോലും പറയാനില്ലാത്ത ഷാനവാസിനെ രണ്ടു തവണ ലോകസഭയിലേക്ക് പറഞ്ഞു വിട്ടവരാണ് വയനാട്ടുകാരെന്നും കഴിഞ്ഞ 10 വര്‍ഷമായി യാതൊരു വികസന പ്രവര്‍ത്തനവും വയനാട്ടില്‍ ഷാനവാസ് ചെയ്തിട്ടില്ലെന്നും വോട്ടര്‍മാര്‍ പറയുന്നു. ഇത് തന്നെ ആയിരിക്കും ഇനിയും വരാന്‍ പോകുന്ന കോണ്‍ഗ്രസ് എം.പിമാര്‍ വയനാട്ടില്‍ ചെയ്യാന്‍ പോകുന്നതെന്നും വോട്ടര്‍മാര്‍ പറയുന്നു.
ആദ്യ തവണ ജയിച്ചു പോയ ഷാനവാസ് വയനാട്ടില്‍ ആകെ ചെയ്തത് കുറച്ച് ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിക്കുക മാത്രമാണെന്നും അങ്ങനെയാണ് ലൈറ്റ് എം.പി എന്നു പേരു വീണതെന്നും മറ്റൊരു വോട്ടര്‍ പറയുന്നു. കല്‍പ്പറ്റയിലും മാനന്തവാടിയിലും “എം.പിയെ കാണ്‍മാനില്ല” എന്ന ബോര്‍ഡുകള്‍ പലതവണ ഉയര്‍ന്നിട്ടുണ്ടെന്നും വോട്ടര്‍ പറഞ്ഞു.
ഓരോ വയനാട്ടുകാരനും കേൾക്കണം രാജ് മോഹൻ ഉണ്ണിത്താൻ്റെ വാക്കുകൾ. അയാളുടെ മാത്രം അഭിപ്രായമല്ലത്. വയനാട്ടിനേയും ഈ നാട്ടിലെ മനുഷ്യരേയും കൂട്ടത്തിൽ പെടുത്താൻ പറ്റാത്തവരും അപരിഷ്കൃതരും അന്യരുമായി കാണുന്ന സമൂഹത്തിൻ്റെ പ്രതിനിധിയായാണ് അയാൾ സംസാരിക്കുന്നത്. ജയിപ്പിക്കാൻ ഒരു കാരണം പോലും പറയാനില്ലാത്ത ഷാനവാസിനെ ലോകസഭയിലേക്ക് പറഞ്ഞു വിട്ടവരാണ് വയനാട്ടുകാർ. ഷാനവാസ് ചെയ്തതും, ഇനി വരാൻ പോകുന്നവർ ചെയ്യാൻ ഉദ്ദേശിക്കുന്നതും ഇതു തന്നെ. ആദ്യ തവണ ജയിച്ച് പോയ ( പിന്നെ തിരിച്ച് വന്നിട്ടേയില്ല) ഷാനവാസ് ആകെ ചെയ്തത് കണ്ണിൽ പൊടിയിടാൻ കുറച്ച് മാസ് ലൈറ്റുകൾ സ്ഥാപിക്കുകയാണ്. അങ്ങനെയാണ് ലൈറ്റ് എം.പി എന്നു പേരു വീഴുന്നതും. കൽപ്പറ്റയിലും മാനന്തവാടിയിലും 'എംപിയെ കാൺമാനില്ല' എന്ന എത്ര ബോർഡുകളാണ് അന്നുയർന്നത്.എന്നിട്ടെന്തുണ്ടായി? രണ്ടാം വട്ടവും വോട്ട് ചോദിച്ച് വന്നപ്പോൾ, കോൺഗ്രസുകാരൻ്റെ ആ വളിച്ച ഇളി കണ്ടപ്പോൾ കണ്ണും പൂട്ടി വീണ്ടും കൈക്കു തന്നെ കുത്തി. തിരഞ്ഞെടുപ്പ് വീണ്ടും വരുന്നു, കോൺഗ്രസുകാരനോ ലീഗുകാരനോ തന്നെ ഇത്തവണയും കുത്തണം, മാറിപ്പോകരുത്. എന്നിട്ടയാൾ മൂട്ടിലെ പൊടിയും തട്ടി ഡൽഹിയിലോ തിരുവനന്തപുരത്തോ പോകണം. വയനാടാകുമ്പോൾ ഇടക്കിടക്ക് പോയി നോക്കേണ്ടതില്ലല്ലോ? മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ലേൽ നമുക്കെന്താ ? ഈ നാട്ടുകാർ പണ്ടേ ഭൂപടത്തില്ലല്ലോ? അവർ വന്ന് ജയിച്ച് പോകട്ടെ, നമുക്ക് 'എംപിയെ കാണാനില്ല' എന്ന് ഫ്ലെക്സ് വെക്കാം!#ആത്മാഭിമാനമുള്ളവയനാടിന്റെവോട്ട്ഇനികോൺഗ്രസിനില്ലവീഡിയോ കടപ്പാട്: Biju Lal
Posted by Abin Golden on Tuesday, 12 March 2019
ഷാനവാസ് വയനാട്ടില്‍ കൊണ്ടുവന്ന മെഡിക്കല്‍ കോളെജും റെയില്‍ പാതയും ഗതാഗതക്കുരുക്ക് കൊണ്ട് പൊറുതിമുട്ടിയ റോഡുകള്‍ക്ക് ബദലായി ആകാശത്തിലൂടെ കൊണ്ടുവന്ന റോപ് വേയും മികച്ച വികസന മാതൃകയായി കോണ്‍ഗ്രസ് ഉയര്‍ത്തി കാണിക്കണമെന്ന് ഒരു വോട്ടര്‍ പരിഹസിച്ചു.
കഴിഞ്ഞ 10 വര്‍ഷമായി വയനാടില്‍ യാതൊരുവിധ വികസനവും കൊണ്ടുവരാത്ത കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ആത്മാഭിമാനമുള്ള വയനാടിന്റെ വോട്ടില്ലെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്.