| Monday, 8th July 2019, 9:58 pm

രാജിവച്ച എം.എല്‍.എമാര്‍ക്കെതിരെ നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്; നിയമജ്ഞനുമായി രഹസ്യ ചര്‍ച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് വിമത എം.എല്‍.എമാര്‍ കൂട്ടരാജി സമര്‍പ്പിച്ചതിന് പിന്നാലെ രാജിവെച്ച വിമത നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമോപദേശം തേടി കോണ്‍ഗ്രസ്. ഇതിനായി കോണ്‍ഗ്രസ് നേതാക്കള്‍ നിയമജ്ഞനെ കണ്ടു.
കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാല്‍, ദിനേശ് ഗുണ്ടു റാവു, സിദ്ധരാമയ്യ, ജി.പരമേശ്വര, എം.ബി പാട്ടില്‍ എന്നിവര്‍ നിയമോപദേശകരുമായി യോഗം ചേര്‍ന്നതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടയില്‍ വിമത എം.എല്‍.എമാരെ നേരിട്ട് കാണുന്നതിനായി കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ ബെംഗളൂരുവില്‍നിന്ന് മുംബൈയിലേക്ക് തിരിച്ചു. എം.എല്‍.എമാരെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണിത്.

എന്നാല്‍ കര്‍ണാടകയിലെ 15 വിമത എം.എല്‍.എമാര്‍ മുംബൈയില്‍ നിന്ന് ഗോവയിലേക്കു മാറുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തേ ഇവര്‍ താമസിക്കുന്ന ഹോട്ടലിനു മുന്‍പില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.

വിമത എം.എല്‍.എമാരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് മന്ത്രിസഭ പുനസംഘടിപ്പിക്കുന്നതിനായി കര്‍ണാടകയില്‍ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചിരിക്കുകയാണ്. ആദ്യം രാജിവെച്ചത് കോണ്‍ഗ്രസിന്റെ 21 മന്ത്രിമാരാണ്. മന്ത്രിമാരെല്ലാം രാജിവെച്ചെന്നും ഉടന്‍ പുനസംഘടനയുണ്ടാവുമെന്നും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍ ‘കര്‍ണാടകയില്‍ ഇപ്പോള്‍ നടക്കുന്നത് ഇന്‍കംടാക്‌സ്, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ട് ഭീഷണിപ്പെടുത്തിയും പണവും മന്ത്രിപദവിയും വാഗ്ദാനം ചെയ്തും ആളുകളെ കൂറുമാറ്റുന്ന പ്രക്രിയയാണെന്ന് രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടാന്‍ തന്നെയാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുത്.’ കെ.സി വേണുഗോപാല്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more