| Saturday, 12th January 2019, 12:08 pm

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുടുംബസമേതം ബി.ജെ.പി സമരപ്പന്തലില്‍; സന്ദര്‍ശനം കെ.പി.സി.സി എക്‌സിക്യുട്ടീവ് യോഗത്തിന് തൊട്ടുമുമ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ ഇ.എം അഗസ്തി ബി.ജെ.പി സമരപ്പന്തലില്‍. കെ.പി.സി.സി എക്‌സിക്യുട്ടീവ് യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

കുടുംബസമേതമാണ് അദ്ദേഹം സെക്രട്ടറിയേറ്റ് പടിക്കലെ ബി.ജെ.പി സമരപ്പന്തലില്‍ എത്തിയതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. സമരപ്പന്തലില്‍ നിരാഹാരമിരിക്കുന്ന മഹിളാമോര്‍ച്ച നേതാവ് വി.ടി രമയ്ക്ക് അഭിവാദ്യമര്‍പ്പിച്ചാണ് അഗസ്തി മടങ്ങിയത്.

കെ.പി.സി.സി യോഗത്തില്‍ പങ്കെടുക്കുന്നതിനു മുമ്പായാണ് അഗസ്തി ബി.ജെ.പിയുടെ സമരപ്പന്തലിലെത്തിയത്. പത്തുമിനിറ്റോളം അവിടെ ചിലവഴിച്ചശേഷം എ.കെ ആന്റണി ഉദ്ഘാടനം ചെയ്ത കെ.പി.സി.സി യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്ദിരാഭവനിലെത്തി.

Also read:ആലപ്പാട് ഖനനം നിര്‍ത്തിവെച്ചശേഷം ചര്‍ച്ചയാകാമെന്ന് സമരസമിതി

കേന്ദ്രത്തില്‍ നിന്നും മോദി സര്‍ക്കാറിനെ താഴെയിറക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനു കഴിയുമെന്നും അതിനുള്ള പരിശ്രമങ്ങള്‍ ഉണ്ടാവണമെന്നുമാണ് യോഗത്തില്‍ എ.കെ ആന്റണി അഗസ്തി ഉള്‍പ്പെടെയുള്ള നേതാക്കളോട് നിര്‍ദേശിച്ചത്.

കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ് അഗസ്തി. നേരത്തെ കെ.പി.സി.സി മുന്‍ എക്‌സിക്യുട്ടീവ് അംഗം ജി. രാമന്‍ നായര്‍, മുന്‍ വനിതാ കമ്മീഷന്‍ അംഗം പ്രമീളാദേവി എന്നിവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ ബി.ജെ.പി സമരത്തില്‍ പങ്കെടുത്തത് നേരത്തെ വിവാദമായിരുന്നു.

We use cookies to give you the best possible experience. Learn more