ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ക്ക് അദ്ധ്യക്ഷനാവാമെന്ന് മണി ശങ്കര്‍ അയ്യര്‍; 'പക്ഷെ കുടുംബത്തിന്റെ സജീവ ഇടപെടല്‍ ഉണ്ടാവണം'
Congress Politics
ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ക്ക് അദ്ധ്യക്ഷനാവാമെന്ന് മണി ശങ്കര്‍ അയ്യര്‍; 'പക്ഷെ കുടുംബത്തിന്റെ സജീവ ഇടപെടല്‍ ഉണ്ടാവണം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd June 2019, 4:55 pm

 

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് തന്റെ പിന്‍ഗാമി ആരാവണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടതിന് പിന്നാലെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഉള്ള വ്യക്തിക്ക് അദ്ധ്യക്ഷനാവാമെന്നും എന്നാല്‍ ഗാന്ധി കുടുംബം തുടര്‍ന്നും പാര്‍ട്ടി കാര്യങ്ങളില്‍ സജീവമായി ഇടപെടണമെന്നുമാണ് മണി ശങ്കര്‍ അയ്യരുടെ പ്രതികരണം.

രാഹുല്‍ ഗാന്ധി പാര്‍ട്ടി അദ്ധ്യക്ഷനായി തുടരുന്നത് തന്നെയാണ് നല്ലത്, പക്ഷെ രാഹുലിന്റെ ആഗ്രഹങ്ങളെയും പരിഗണിക്കേണ്ടതുണ്ടെന്ന് മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു. നെഹ്‌റു-ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ അദ്ധ്യക്ഷ സ്ഥാനത്തില്ലെങ്കിലും നമ്മള്‍ മുന്നേറുമെന്ന് എനിക്കുറപ്പുണ്ട്. അതേ സമയം തുടര്‍ന്നും പാര്‍ട്ടി കാര്യങ്ങളില്‍ സജീവമായി ഇടപെടണം. അത് വളരെ പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ നേതൃത്വത്തിലാണെങ്കിലും അല്ലെങ്കില്‍ മറ്റാരുടെയും നേതൃത്വത്തിലാണെങ്കിലും പാര്‍ട്ടി തിരികെ വരും. ഇന്ത്യയെന്ന ആശയത്തെ മുന്നോട്ട് കൊണ്ട് പോകുമെന്നും മണി ശങ്കര്‍ അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ പരാജയം നേരിട്ടതിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി രാജിവെക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ എതിര്‍ക്കുകയും പാര്‍ട്ടിയില്‍ എല്ലാ തലത്തിലും മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

നേരത്തെ എ.ഐ.സി.സിയുടെ ചുമതലയുള്ളവരും സംസ്ഥാന നേതൃത്വവും പാര്‍ട്ടിയെ മോശം സ്ഥിതിയിലെത്തിച്ചെന്നും രാഹുലിന് ഒറ്റക്ക് പാര്‍ട്ടിയെ നയിക്കാന്‍ കഴിയുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം. വീരപ്പമൊയിലി പറഞ്ഞിരുന്നു.

രാഹുല്‍ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനായി തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

‘എല്ലാ തലത്തിലുമുള്ള തെരഞ്ഞെടുപ്പുകള്‍ നടത്തണം. അതുവഴി നമുക്ക് പുതിയ രക്തമുണ്ടെന്ന് ലോകത്തിനും രാജ്യത്തിനും കാട്ടികൊടുക്കാന്‍ കഴിയും. പുതിയ രക്തം ,അത് പ്രധാനമാണ്. ഇതാണ് രാഹുല്‍ ഗാന്ധി ചെയ്യേണ്ടത്. അദ്ദേഹത്തിന് ഒറ്റക്ക് അത് ചെയ്യാന്‍ കഴിയും.’വീരപ്പ മൊയിലി പറഞ്ഞിരുന്നു