മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അല്‍പസമയം മുമ്പായിരുന്നു മരണം. കുറച്ച് ദിവസങ്ങളായി ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം ഗുരുതരാവസ്ഥയിലായിരുന്നു.
ഹൃദ്രോഗത്തിന് പുറമെ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും ചികിത്സയിലായിരുന്നു.
ഇ.കെ. നായനാര്‍, എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്നു.
1977 മുതല്‍ 2016 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ എട്ട് തവണ നിലമ്പൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.
1935ല്‍ നിലമ്പൂരില്‍ ജനിച്ച ആര്യാടന്‍ മുഹമ്മദ് വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബിന്റെയും സി.കെ. ഗോവിന്ദന്‍ നായരുടെയും പ്രസംഗങ്ങലിലും പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടനായി കോണ്‍ഗ്രസ് പ്രവര്‍ത്തകനായി.
സി.കെ. ഗോവിന്ദന്‍ നായരുടെ ശിഷ്യനായി കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനായതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും ആര്യാടന്‍ മുഹമ്മദ് നിരവധി തവണ പറഞ്ഞിട്ടുണ്ട്.
1952ലാണ് അദ്ദേഹം കോണ്‍ഗ്രസില്‍ അംഗമാകുന്നത്. 1960 കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി. 1962 കെ.പി.സി.സി അംഗമായ അദ്ദേഹം 1969ല്‍ മലപ്പുറം ജില്ലാ രൂപീകരണത്തോടെ ഡി.സി.സി പ്രസിഡന്റായി.
1980 നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍, വനം വകുപ്പ് മന്ത്രിയായിരുന്നു. 1995ല്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ തൊഴില്‍, ടൂറിസം വകുപ്പുകള്‍ കൈകാര്യം ചെയ്തു.
2004 മുതല്‍ 2006 വരെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പായിരുന്നു കൈകാര്യം ചെയ്തിരുന്നത്. പിന്നീട് 2011ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും വൈദ്യുതി വകുപ്പ് തന്നെ കൈകാര്യം ചെയ്തു.
തൊഴിലാളി യൂണിയനുകളിലെ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ആര്യാടന്‍ മുഹമ്മദ് വിവിധ ട്രേഡ് യൂണിയനുകളുടെ തലപ്പത്തും ഇരുന്നിട്ടുണ്ട്.