| Friday, 28th January 2022, 10:34 am

'ഇന്നുമുതല്‍ കോണ്‍ഗ്രസ് എനിക്ക് അടഞ്ഞ അധ്യായമാണ്'; മുന്‍ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം പാര്‍ട്ടി വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സി.എം. ഇബ്രാഹിം പാര്‍ട്ടി വിട്ടു. വ്യാഴാഴ്ചയായിരുന്നു കോണ്‍ഗ്രസ് വിടുന്നകാര്യം പ്രഖ്യാപിച്ചത്.

കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായ ഇബ്രാഹിം, തന്നെ നേതൃപദവികളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിലും പ്രതിപക്ഷ നേതാവായി പരിഗണിക്കാത്തതിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നത്.

കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം കൂടിയാണ് ഇബ്രാഹിം.

മുമ്പ്  ജനതാദള്‍ സെക്കുലര്‍ പാര്‍ട്ടി അംഗമായിരുന്നു ഇബ്രാഹിം. ജനതാദളിന്റെ ഭാഗമായിരിക്കെ 1999ല്‍ ഇദ്ദേഹം കേരളത്തില്‍ നിന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. കോഴിക്കോട് മണ്ഡലത്തില്‍ നിന്നും അന്ന് മത്സരിച്ച ഇബ്രാഹിം പക്ഷെ കെ. മുരളീധരനോട് പരാജയപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു മുന്‍ എം.പി. ബി.കെ. ഹരിപ്രസാദിനെ കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവായി എ.ഐ.സി.സി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ തന്നെ ഇബ്രാഹിം പാര്‍ട്ടി വിടുന്ന കാര്യം പ്രഖ്യാപിക്കുകയായിരുന്നു.

‘കഴിഞ്ഞ ദിവസം എ.ഐ.സി.സി തനിക്ക് തന്ന ഗിഫ്റ്റ്’ തന്റെ പാര്‍ട്ടി വിടലിന് കാരണമായിട്ടുണ്ടെന്ന സൂചനയും ഇബ്രാഹിം നല്‍കിയിരുന്നു.

”എന്റെ മേലുണ്ടായിരുന്ന എല്ലാ ഭാരങ്ങളും എ.ഐ.സി.സി പ്രസിഡന്റ് സോണിയ ഗാന്ധി ഒഴിവാക്കി തന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇപ്പോള്‍ എനിക്ക് എന്റേതായ തീരുമാനങ്ങളെടുക്കാം.

എന്റെ അനുയായികളോടും അടുപ്പമുള്ളവരോടും ഞാന്‍ ഉടന്‍ സംസാരിക്കും. അടുത്ത നീക്കമെന്താണെന്ന് പ്രഖ്യാപിക്കും. കോണ്‍ഗ്രസ് ഇന്നുമുതല്‍ എനിക്ക് അടഞ്ഞ അധ്യായമാണ്,” സി.എം. ഇബ്രാഹിം പ്രതികരിച്ചു.

2008ലായിരുന്നു ജനതാദള്‍ സെക്കുലര്‍ വിട്ട് ഇബ്രാഹിം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതിനിടെ ജനതാദളിലേക്ക് ഇദ്ദേഹം തിരിച്ച് പോകുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ താന്‍ കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്ന് ഇദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.

1990കളിലെ എച്ച്.ഡി ദേവഗൗഡ, ഐ.കെ. ഗുജ്‌രാള്‍ സര്‍ക്കാരുകളില്‍ സിവില്‍ ഏവിയേഷന്‍, ടൂറിസം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു സി.എം. ഇബ്രാഹിം.


Content Highlight: Senior Congress leader and former Union Minister CM Ibrahim quit the party

We use cookies to give you the best possible experience. Learn more