ബംഗാളില്‍ കൊവിഡ് ദുരിതാശ്വാസ സഹായം വിതരണം ചെയ്യാനെത്തിയ മുതിര്‍ന്ന സി.പി.ഐ.എം നേതാവിന് നേരെ ആക്രമണം; തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പിന്നിലെന്ന് ആരോപണം
national news
ബംഗാളില്‍ കൊവിഡ് ദുരിതാശ്വാസ സഹായം വിതരണം ചെയ്യാനെത്തിയ മുതിര്‍ന്ന സി.പി.ഐ.എം നേതാവിന് നേരെ ആക്രമണം; തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പിന്നിലെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th May 2020, 6:55 pm

കൊല്‍ക്കത്ത: കൊവിഡ് ദുരിതാശ്വാസ സഹായം വിതരണം ചെയ്യുന്നത് ഏകോപിപ്പിക്കാനെത്തിയ മുതിര്‍ന്ന സി.പി.ഐ.എം നേതാവും മുന്‍ എം.പിയുമായ താരിത് ബരണ്‍ തോപ്ഡാറിനെതിരെ ആക്രമണം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു.

കൊവിഡ് മഹാമാരി സംസ്ഥാനത്ത് പടര്‍ന്നു പിടിക്കവേ തിത്തഗാര്‍ റെയില്‍വേ സ്‌റ്റേഷനടുത്ത് സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു താരിത് ബരണ്‍ തോപ്ഡാര്‍. കമ്മ്യൂണിറ്റി കിച്ചണിലേക്ക് പോവരുതെന്നും മടങ്ങി പോവാനും ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനമെന്ന് പൊലീസ് പറഞ്ഞു.

‘അവരുടെ ഭീഷണികളെ വകവെക്കാതെ ഞാന്‍ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നടക്കുകയായിരുന്നു. എന്റെ ഒപ്പം വന്ന വാഹനങ്ങളെ അവര്‍ ആക്രമിച്ചു. തിത്തഗാര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ നിരവധി മനുഷ്യര്‍ക്ക് ഭക്ഷണം നല്‍കുന്നതാണ് ആ കമ്മ്യൂണിറ്റി കിച്ചന്‍’, താരിത് ബരണ്‍ തോപ്ഡാര്‍ പറഞ്ഞു.

മര്‍ദ്ദനത്തെ തുടര്‍ന്ന് സി.പി.ഐ.എം നേതാക്കളുടെ സംഘം പ്രാദേശിക പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. നാല് പേരാണ് ആക്രമണത്തിന് പിന്നിലെന്ന് അവര്‍ ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.