2014 ഡിസംബര്‍ 31ന് രാത്രിയായിരുന്നു സംഭവം. ഗുജറാത്ത് തീരത്ത് സംശയാസ്പദമായി കണ്ട പാകിസ്ഥാനി ബോട്ടിനോട് കോസ്റ്റ് ഗാര്‍ഡ് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നിര്‍ത്താന്‍ തയ്യാറാവാതിരുന്നതോടെ കോസ്റ്റ് ഗാര്‍ഡ് ബോട്ടിനെ പിന്തുടര്‍ന്നു. 12 മണിക്കൂറോളമാണ് ബോട്ടിനെ കോസ്റ്റ് ഗാര്‍ഡ് നിരീക്ഷിച്ചത്.
ബോട്ട് നശിപ്പിക്കാന്‍ താനാണ് ഉത്തരവിട്ടതെന്നാണ് കോസ്റ്റ് ഗാര്‍ഡ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ബി.കെ ലോഷാലി വെളിപ്പെടുത്തിയിരിക്കുന്നത്. ” നിങ്ങള്‍ക്ക് ഡിസംബര്‍ 31 രാത്രിയുണ്ടായ സംഭവം ഓര്‍മ്മയുണ്ടാവുമെന്നു കരുതുന്നു… ആ പാകിസ്ഥാനെ ഞങ്ങള്‍ തകര്‍ത്തു.. ഞങ്ങള്‍ അവരെ തകര്‍ത്തു.. അന്നു ഞാന്‍ ഗാന്ധിനഗറിലുണ്ടായിരുന്നു. ആ രാത്രി ഞാന്‍ പറഞ്ഞു ബോട്ട് തകര്‍ത്തു കളയാന്‍. ബോട്ട് തകര്‍ത്തെറിയൂ… അവരെ ബിരിയാണി കൊടുത്ത് സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല.” അദ്ദേഹം പറഞ്ഞു.
ദുരൂഹസാഹചര്യത്തില്‍ ബോട്ട് കത്തിനശിച്ചുവെന്നാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ചു നല്‍കിയ വിശദീകരണം. ഇതാദ്യമായാണ് ബോട്ട് കോസ്റ്റ് ഗാര്‍ഡ് നശിപ്പിച്ചതാണെന്ന പ്രതികരണം വരുന്നത്.
ബോട്ടിലെ അംഗങ്ങളാണ് ബോട്ട് അഗ്നിക്കിരയാക്കിയതെന്നായിരുന്നു പ്രതിരോധ മന്ത്രിയും കോസ്റ്റ് ഗാര്‍ഡും നേരത്തെ പറഞ്ഞിരുന്നത്. പോര്‍ബന്തറില്‍ നിന്നും 365 മൈല്‍ അകലെ വെച്ച് ബോട്ടിലുള്ളവര്‍ ബോട്ട് നശിപ്പിച്ചുവെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.
ഡിസംബര്‍ 31ന് പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും വരുന്ന മത്സ്യബന്ധന ബോട്ട് അറബിക്കടലില്‍ നിയമവിരുദ്ധമായ ചില ഇടപാടുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നെന്നാണ് പ്രതിരോധ മന്ത്രാലയം പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തുകയും സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു ബോട്ടു കണ്ടെത്തുകയും ചെയ്തു. ബോട്ടിലുള്ളവരോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്പീഡില്‍ കടന്നുകളയാന്‍ ശ്രമിച്ച ബോട്ടിനെ കോസ്റ്റ് ഗാര്‍ഡ് ഒരു മണിക്കൂറോളം പിന്തുടര്‍ന്നു.
മുന്നറിയിപ്പായി കോസ്റ്റ് ഗാര്‍ഡ് വെടിയുതിര്‍ത്തിട്ടും ബോട്ട് നിര്‍ത്തിയില്ല. തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്നവര്‍ ബോട്ടിനു തീവെക്കുകയും അത് സ്‌ഫോടനത്തിലേക്ക് നയിക്കുകയുമായിരുന്നെന്നാണ് പ്രതിരോധ മന്ത്രാലയം നല്‍കിയ വിശദീകരണം.