കന്‍വാര്‍ യാത്രയില്‍ ബി.ജെ.പിയില്‍ ഭിന്നത; ജാതിയോ മതമോ ജനനമോ അന്വേഷിക്കേണ്ടതില്ലെന്ന് നഖ്‌വി
national news
കന്‍വാര്‍ യാത്രയില്‍ ബി.ജെ.പിയില്‍ ഭിന്നത; ജാതിയോ മതമോ ജനനമോ അന്വേഷിക്കേണ്ടതില്ലെന്ന് നഖ്‌വി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th July 2024, 1:27 pm

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ തീര്‍ത്ഥാടക പാതയിലെ കച്ചവടക്കാര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ യു.പി പൊലീസിനെ വിമര്‍ശിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി. പൊലീസ് നടപടി തൊട്ടുകൂടായ്മയെന്ന രോഗത്തിന്റെ വ്യാപനത്തിന് കാരണമാകുമെന്ന് നഖ്‌വി പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് യു.പി പൊലീസിനെതിരെ നഖ്‌വി രംഗത്തെത്തിയത്.

‘അമിതാവേശമുള്ള ഉദ്യോഗസ്ഥരുടെ ധൃതിപിടിച്ച ഉത്തരവുകള്‍ തൊട്ടുകൂടായ്മ എന്ന രോഗത്തിന് കാരണമാകും. വിശ്വാസത്തെ മാനിക്കേണ്ടതുണ്ട്, എന്നാല്‍ തൊട്ടുകൂടായ്മയെ സംരക്ഷിക്കരുത്. ജാതിയോ മതമോ ജനനമോ ചോദിക്കേണ്ടതില്ല. ജാതിയും വംശവുമൊക്കെ എന്താണ്? എല്ലാവരും ദൈവങ്ങളുടെ മക്കളാണ്, ആരും താഴ്ന്ന ജാതിക്കാരല്ല,’ എന്നായിരുന്നു നഖ്‌വിയുടെ പ്രതികരണം.

കടയുടെ നെയിം ബോര്‍ഡിനൊപ്പം ഉടമയുടെ പേര് കൂടെ നല്‍കണമെന്നായിരുന്നു മുസാഫര്‍നഗര്‍ പൊലീസിന്റെ ഉത്തരവ്. തീര്‍ത്ഥാടകര്‍ക്ക് കടയുടമ മുസ്‌ലിമാണെന്ന് തിരിച്ചറിയാന്‍ വേണ്ടിയാണ് നെയിം ബോര്‍ഡില്‍ ഉടമയുടെ വിവരങ്ങള്‍ കൂടെ നല്‍കാന്‍ പൊലീസ് നിര്‍ദേശിച്ചത്. ഇതിനുപിന്നാലെയാണ് ബി.ജെ.പി നേതാവ് തന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയന്ത്രിക്കുന്ന പൊലീസിനെതിരെ രംഗത്തെത്തിയത്.

എന്നാല്‍ പ്രതികരണത്തിന് പിന്നാലെ നഖ്‌വിയെ വിമര്‍ശിച്ച് ട്രോളന്മാര്‍ രംഗത്തെത്തി. ഇത്രയും കാലം യോഗിയെയും ബി.ജെ.പിയെയും ആശയങ്ങളെയും പ്രകീര്‍ത്തിച്ചിരുന്ന നേതാവിന് ഇപ്പോള്‍ മതവികാരം വ്രണപ്പെട്ടുവോയെന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന ചോദ്യം. ഇതിനെ തുടര്‍ന്ന് ട്രോളമാര്‍ക്കുള്ള മറുപടിയായി നഖ്‌വി മറ്റൊരു പോസ്റ്റ് കൂടി എക്സില്‍ പങ്കുവെച്ചു.

‘ഹേയ് ട്രോളന്മാരെ.., ദയവ് ചെയ്ത് ആദരവിന്റെയും കന്‍വാര്‍ യാത്രക്കുള്ള ഭക്തിയുടെയും സര്‍ട്ടിഫിക്കറ്റ് എനിക്ക് നല്‍കരുത്. ഒരു വിശ്വാസവും അസഹിഷ്ണുതയാലും തൊട്ടുകൂടായ്മയാലും തടവിലാക്കപ്പെടരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ എന്നായിരുന്നു ഈ പോസ്റ്റിലെ പ്രതികരണം.


എന്നാല്‍ പ്രതികരണങ്ങള്‍ക്ക് പിന്നാലെ ഏതാനും ബി.ജെ.പി അനുയായികള്‍ നഖ്‌വിയെ പാകിസ്ഥാനി എന്ന് വിളിക്കുകയും അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം നഖ്‌വി തന്റെ നിലപാടില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും പിന്മാറാമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ആയതുകൊണ്ട് തന്നെ ഈ പ്രതികരണങ്ങളെ ഗൗനിക്കേണ്ടതില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

നിലവില്‍ കന്‍വാര്‍യാത്ര കടന്നുപോകുന്ന ഇടങ്ങളിലെ മുസ്‌ലിം കച്ചവടക്കാരുടെ കടകള്‍ക്ക് മുകളില്‍ അവരുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന യു.പി സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ എന്‍.ഡി.എയില്‍ ഭിന്നത രൂപപ്പെട്ടിരിക്കുകയാണ്. എന്‍.ഡി.എയിലെ പ്രധാന സഖ്യകക്ഷിയായ ജെ.ഡി.യു വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാടിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.

കന്‍വാര്‍ യാത്ര പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ പ്രദേശങ്ങളിലൂടെ കാലങ്ങളായി കടന്നുപോകുന്നതാണെന്നും അവിടെ ഇതുവരെ ഒരു വര്‍ഗീയ സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കരുതെന്നും ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പറഞ്ഞു.

Content Highlight: Senior BJP leader Mukhtar Abbas Naqhvi criticizes UP Police over instructions given to vendors on Kanwar Pilgrimage Route