മുതിര്‍ന്ന ബി.ജെ.പി നേതാവ് ബി ശ്രീരാമലുവിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് ഡി.കെ ശിവകുമാര്‍ എന്ന് പ്രചരണം. ഉപമുഖ്യമന്ത്രി സ്ഥാനമാണ് ഡി.കെ വാഗ്ദാനം ചെയ്തതെന്നാണ് പ്രചരണം. എന്നാല്‍ ബി. ശ്രീരാമലു ഈ പ്രചരണത്തെ തള്ളി.
വിശ്വാസ പ്രമേയ ചര്‍ച്ച ഉച്ചഭക്ഷണത്തിന് വേണ്ടി പിരിഞ്ഞപ്പോളാണ് ഡി.കെ ശിവകുമാറും ശ്രീരാമലുവും തമ്മില്‍ ചര്‍ച്ച നടന്നത്. ഇതിനെ തുടര്‍ന്നാണ് ബി.ജെ.പി എം.എല്‍.എ കോണ്‍ഗ്രസിലേക്ക് എന്ന പ്രചരണം ആരംഭിച്ചത്. ഡി.കെ ശിവകുമാറിനെ കാണുന്നതിന് മുമ്പേ എച്ച്.ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും ശ്രീരാമലുവും ഹസ്തദാനം നടത്തി സംസാരിക്കുകയും ചെയ്തിരുന്നു. ഇതും ശ്രീരാമലു കോണ്‍ഗ്രസിലേക്കെന്ന പ്രചരണത്തെ ശക്തമാക്കി.
എന്നാല്‍ ഈ പ്രചരണത്തെ തള്ളിക്കളയുകയാണ് ശ്രീരാമലു ചെയ്തതത്. താന്‍ കോണ്‍ഗ്രസില്‍ ചേരുന്നില്ലെന്നും ഡി.കെ ശിവകുമാറിനെ ബി.ജെ.പിയിലേക്ക് ക്ഷണിക്കുകയാണ് ചെയ്തതെന്ന് ശ്രീരാമലു പറഞ്ഞു. തനിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്യാന്‍ മാത്രമുള്ള ഹൃദയവിശാലത കോണ്‍ഗ്രസിനില്ലെന്ന് ശ്രീരാമലു പറഞ്ഞു.
ഉച്ചഭക്ഷണത്തിന് എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് താന്‍ കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ ഇടയാക്കിയതെന്നും ശ്രീരാമലു പറഞ്ഞു. ശിവകുമാറുമായി രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും ശ്രീരാമലു പറഞ്ഞു.