| Friday, 30th April 2021, 1:44 pm

നിരവധി പേര്‍ സഹായത്തിനായി വിളിക്കുന്നു, ഒന്നും ചെയ്യാനാവുന്നില്ല; കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് അഭിഭാഷകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടക്കുന്ന വാദത്തിനിടെ കോടതി മുറിയില്‍ വികാരാധീനനായി മുതിര്‍ന്ന അഭിഭാഷകന്‍ രമേശ് ഗുപ്ത. ദല്‍ഹി ഹൈക്കോടതിയില്‍ നടന്ന വാദത്തിനിടെയായിരുന്നു സംഭവം.

നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും കോടതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും പറഞ്ഞ് സംസാരിച്ച അദ്ദേഹം ഓക്‌സിജനും ആശുപത്രി ബെഡും ആവശ്യപ്പെട്ട് 20 കോളെങ്കിലും തനിക്ക് നിത്യേന വരാറുണ്ടെന്നും പക്ഷേ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹി ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയാണ് ഗുപ്ത. ‘ ഓക്‌സിജനും ആശുപത്രി കിടക്കകളും ആവശ്യപ്പെട്ട് കൗണ്‍സില്‍ അംഗങ്ങളില്‍ നിന്ന് തനിക്ക് കോളുകള്‍ വരുന്നുണ്ടെങ്കിലും സഹായിക്കാന്‍ കഴിയുന്നില്ല. സ്ഥിതി വളരെ മോശമാണ്. എനിക്ക് ദിവസവും 20 അഭിഭാഷകരുടെയെങ്കിലും കോളുകള്‍ വരുന്നുണ്ട്. മരണമുഖത്തുനിന്നാണ് പലരും തന്നെ വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ദല്‍ഹിയില്‍ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. പല ആശുപത്രികളിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്. വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ തന്നെ വാക്‌സിനേഷനും പലയിടങ്ങളിലും നടക്കുന്നില്ല.

കൊവിഡ് മരണനിരക്ക് ഉയര്‍ന്നതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പോലും സ്ഥലമില്ലാതെ വലയുകയാണ് ദല്‍ഹി. പ്രതിദിനം മൂന്നൂറിലധികം പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് ബാധിച്ച് ദല്‍ഹിയില്‍ മരണപ്പെട്ടത്.

ഇതോടെ ദല്‍ഹിയിലെയും പരിസര പ്രദേശങ്ങളിലെയും പാര്‍ക്കുകളും വാഹന പാര്‍ക്കിംഗ് ഏരിയകളും താല്‍ക്കാലിക ശ്മശാനങ്ങളാക്കി സര്‍ക്കാര്‍ മാറ്റി. ദല്‍ഹിയിലെ ശ്മശാനങ്ങളില്‍ ഒരു ദിവസം സംസ്‌ക്കരിക്കാന്‍ ഉള്ള മൃതദേഹങ്ങളെക്കാള്‍ ഇരട്ടിയാണ് നിലവില്‍ പല ശ്മശാനങ്ങളിലും ഓരോ ദിവസവും സംസ്‌കരിക്കുന്നത്.

ഏകദേശം 22 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ മാത്രം ശേഷിയുള്ള ദല്‍ഹിയിലെ സരായ് കാലേ കാന്‍ ശ്മശാനത്തില്‍ തിങ്കളാഴ്ച മാത്രം സംസ്‌കരിച്ചത് 60 മുതല്‍ 70 മൃതദേഹങ്ങളാണ്.

ഇതിനിടെ സംസ്‌കരിക്കാനാവാശ്യമായ വിറകിനും ദല്‍ഹിയില്‍ ക്ഷാമമുണ്ട്. പലയിടത്തും പി.പി.ഇ കിറ്റുകള്‍ പോലുമില്ലാതെയാണ് ശ്മശാനത്തിലെ ജോലിക്കാര്‍ ജോലി ചെയ്യുന്നത്.

ദല്‍ഹിയില്‍ കൊവിഡ് വ്യാപനം അതി രൂക്ഷമായിത്തന്നെ തുടരുകയാണ്. ഓക്സിജന്‍ ക്ഷാമം മൂലം ചികിത്സ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യമാണ് നിലവില്‍.

ഓക്സിജന്‍ കിട്ടാതെ നിരവധിപേരാണ് ദല്‍ഹിയില്‍ മരിച്ചത്. ഓക്സിജന്‍ ഇല്ലാത്തതുകൊണ്ട് പല ആശുപത്രികളിലും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. പ്രതിദിനം 20,000ലധികം പേര്‍ക്കാണ് ദല്‍ഹിയില്‍ കൊവിഡ് ബാധിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Senior advocate breaks down in court

We use cookies to give you the best possible experience. Learn more