കോളിവുഡിലെ ഒരു ശരാശരി സിനിമാ പ്രേമി ചിലപ്പോള്‍ സെങ്കടല്‍ എന്ന് കേട്ടിട്ടുപോലുമുണ്ടാവില്ല. എന്നാല്‍ ഈ വര്‍ഷത്തെ ഗോവഫിലിം ഫെസ്റ്റിവെലില്‍ തമിഴകത്തുനിന്നും പ്രദര്‍ശിപ്പിച്ച ഏകചിത്രമായിരുന്നു സെങ്കടല്‍.
ശ്രീലങ്കന്‍ വംശീയ പ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളാണ് സെങ്കടല്‍ അഥവാ “ശവകടല്‍” പറയുന്നത്. പുറത്തിറങ്ങിയില്ലെങ്കിലും ഈ ചിത്രം ഇതിനകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഒരു സിനിമയെന്നതിലുപരി സംവിധായക ലീന മണിമേഖലയുടെ രാഷ്ട്രീയമാണ് സെങ്കടല്‍ വരച്ചുകാട്ടുന്നത്. ഡോക്യുമെന്ററികളില്‍ നിന്നും സെങ്കടല്‍ എന്ന ഫീച്ചര്‍ ഫിലിമേലുള്ള മണിമേഖലയുടെ യാത്രയെക്കുറിച്ച് അവര്‍ സംസാരിക്കുന്നു. റെഡിഫ് ന്യൂസിന് വേണ്ടി ശോഭന വാര്യര്‍ തയ്യാറാക്കിയ അഭിമുഖത്തിന്റെ മൊഴിമാറ്റം.
ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നാണ് ഞാന്‍ കടന്നുവന്നത്. അതുകൊണ്ടുതന്നെ എന്റെ യൗവ്വനത്തില്‍ നേരിട്ടും അല്ലാതെയും ഞാന്‍ ശ്രീലങ്കന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. യുദ്ധത്തോടുള്ള ഇന്ത്യയുടെ നിലപാടിനും യുദ്ധത്തിനും എതിരായി പ്രക്ഷോഭം നടത്തുന്ന ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ഞാന്‍. എന്റെ ആക്ടിവിസത്തിന്റെ വികസിത രൂപം മാത്രമാണ് ഡോക്യുമെന്ററി നിര്‍മാണം.
2009ല്‍ ശ്രീലങ്കയിലെ വംശീയ പ്രശ്‌നങ്ങള്‍ അതിന്റെ ഔന്നത്യത്തിലെത്തിയിരുന്നു. ശ്വസിക്കുന്ന വായവിലും കേള്‍ക്കുന്ന ശബ്ദത്തിലുമെല്ലാം മനുഷ്യന്റെ നിലവിളികള്‍ മാത്രം. ഈ പ്രശ്‌നത്തില്‍ ഇടപെടുകയെന്നതല്ലാതെ എന്റെ മുന്നില്‍ മറ്റൊരു വഴിയുണ്ടായിരുന്നില്ല. അങ്ങനെയാണ് മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭത്തില്‍ ഞാന്‍ ഇടപെടുന്നത്. രാമേശ്വരത്തെ സ്ത്രീകളും, മത്സ്യത്തൊഴിലാളികളും എന്നോട് പറഞ്ഞ കഥകള്‍ ഭീതിപ്പെടുത്തുന്നതായിരുന്നു. എല്ലാകുടുംബത്തിനും ഒരാളെയെങ്കിലും കടലില്‍ നഷ്ടമായിരുന്നു.
ഇവര്‍ക്ക് സമാധാനപരമായി ജീവിക്കണമെന്നും, ഇവരെ മനുഷ്യരായി പരിഗണിക്കണമെന്നും സിനിമയിലൂടെ പറയാനാണ് ഞാന്‍ ആഗ്രഹിച്ചത്. 2009 ജനുവരി മുതല്‍ മെയ് വരെ നടന്ന സംഭവങ്ങളുടെ ദൃശ്യവത്കരണമാണ് എന്റെ സെങ്കടല്‍.
സെങ്കടല്‍ ചെയ്യുന്ന സമയത്ത് ഡോക്യുമെന്ററിയും ഫീച്ചര്‍ ഫിലിമും തമ്മിലുള്ള വേര്‍തിരിവ് വ്യക്തമായിരുന്നോ?
ഇത് യഥാര്‍ത്ഥ സംഭവമാണോ അല്ലെങ്കില്‍ അഭിനയിപ്പിച്ചതാണോ എന്ന് നിങ്ങള്‍ ശങ്കിച്ചേക്കാം. അത് മനപൂര്‍വ്വം അങ്ങനെ ചെയ്തതാണ്. ആ ജനങ്ങളുടെ ജീവിതം ചിത്രീകരിക്കുകയായിരുന്നു എനിക്ക് വേണ്ടത്. അതിന് ഒരു സിനിമാക്കാരിയെന്ന നിലയില്‍ എനിക്ക് എന്തെല്ലാം ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമോ അതെല്ലാം ഞാന്‍ ഉപയോഗിച്ചു.
സിനിമയില്‍ യഥാര്‍ത്ഥ വ്യക്തികളെയാണോ ഉപയോഗിച്ചത്?
അതെ. എന്റെ സിനിമയില്‍ ഒരു അഭിനേതാവ് പോലുമില്ല.
അടുത്ത പേജില്‍ തുടരുന്നു
പിന്നെ എന്തുകൊണ്ടാണ് നിങ്ങള്‍ ഈ ചിത്രത്തെ ഡോക്യുമെന്ററിയെന്ന് വിളിക്കാതെ ഫീച്ചര്‍ ഫിലിം എന്ന് വിളിച്ചത്?
കാരണം ഇതൊരു ഡോക്യുമെന്ററിയല്ല എന്നതുതന്നെ. ഇതിന് മുമ്പ് ഞാന്‍ 10 ഡോക്യുമെന്ററികള്‍ ചെയ്തിട്ടുണ്ട്. ഒരു ഡോക്യുമെന്ററിയെ ഡോക്യുമെന്ററിയെന്ന് തന്നെ ഞാന്‍ വിളിച്ചിട്ടുമുണ്ട്. നല്ലൊരു തിരക്കഥയിലൂന്നിയുള്ളതാണ് ഈ ചിത്രം. എന്റെ സിനിമയില്‍ അഭിനയിക്കാന്‍ ഞാന്‍ യഥാര്‍ത്ഥ വ്യക്തികളെ തന്നെയാണ് ഉപയോഗിച്ചതെന്ന് മാത്രം. ക്യാമറക്ക് മുന്നില്‍ എങ്ങനെ അഭിനയിക്കണമെന്ന് അവരെ പഠിപ്പിക്കാന്‍ ഞങ്ങള്‍ അവസരമുണ്ടാക്കി.
സിനിമ ചെയ്യുന്നതിന് മുമ്പ് എന്തൊക്കെ മുന്നൊരുക്കങ്ങളാണ് നടത്തിയത്?
ഏകദേശം ആറ് മാസത്തോളം ഇതിന് വേണ്ടി റിസര്‍ച്ച് നടത്തി. 100ലധികം മണിക്കൂര്‍ ഇവരുടെ കഥകള്‍ കേട്ടു. 100 കണക്കിന് മത്സ്യത്തൊഴിലാളികളെയും പോലീസുകാരെയും ഇന്റലിജന്‍സ് ഓഫീസര്‍മാരെയും ഇന്റര്‍വ്യൂ ചെയ്തു. എന്‍.ജി.ഒകള്‍ക്കൊപ്പം ഞാന്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.
ഈ സമയത്ത് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ടോ?
മത്സ്യത്തൊഴിലാളികളുടെ ജീവിതം എത്രത്തോളം ബുദ്ധിമുട്ടാണെന്നതുപോലെ ഇതും പ്രശ്‌നം നിറഞ്ഞതായിരുന്നു. ഒരു സിനിമാക്കാരി മത്സ്യത്തൊഴിലാളികളുടെ ജീവിതം സിനിമയാക്കാന്‍ ശ്രമിക്കുകയാണ്. അവരെ നിരവധി തവണ ചോദ്യംചെയ്യപ്പെടുന്നു, മാനസികമായി പീഡിപ്പിക്കപ്പെടുന്നു, അവളുടെ ടാപ്പുകള്‍ പിടിച്ചെടുക്കുന്നു. അങ്ങനെ അവള്‍ക്ക് സിനിമ ചെയ്യാന്‍ കഴിയാതെ വരുന്നു.
എന്നിട്ടും നിങ്ങള്‍ സിനിമ ചെയ്തല്ലോ?
എന്റെ കാര്യത്തില്‍ എല്ലായ്‌പ്പോഴും അങ്ങനെയാണ് സംഭവിക്കാറുള്ളത്. ഞാന്‍ റിസര്‍ച്ച് ചെയ്യാന്‍ ശ്രമിച്ചപ്പോഴെല്ലാം നേവി പോലീസും മറ്റും എന്നെ തടഞ്ഞു. മത്സ്യത്തൊഴികളുടെ സ്‌നേഹവും വിശ്വാസവുമായിരുന്നു എനിക്ക് പിന്‍ബലമേകിയത്. അവരില്‍ നിന്നാണ് എനിക്ക് ധൈര്യം ലഭിച്ചത്. പല പ്രതിസന്ധിഘട്ടങ്ങളിലും അതെനിക്ക് കൂട്ടായി.
മത്സ്യത്തൊഴിലാളികളുടെ ജീവിതത്തില്‍ നിന്നാണ് ഓരോ സീനും ഓരോ ഡയലോഗും ഉണ്ടാക്കിയിരിക്കുന്നത്. കടപ്പുറത്ത് ഷൂട്ടിംഗ് നടക്കുമ്പോള്‍ നേവിയുടെ വിമാനം മുകളിലൂടെ പറക്കുന്നുണ്ടെങ്കില്‍ തൊഴിലാളികള്‍ ഞങ്ങളെ വലകൊണ്ട് മൂടി മറച്ചുവയ്ക്കും.
സെങ്കടല്‍ എന്ന പേരിട്ടത് എന്തുകൊണ്ടാണ്? കടലിന്റെ ഭാഗമായി തീര്‍ന്ന അവരുടെ രക്തത്തിന്റെ പ്രതീകാത്മകരമായാണ് ആ പേര് വിളിച്ചത്?
ചുവന്ന കടല്‍ എന്നത് ബൈബിള്‍ പരാമര്‍ശമാണ്. പക്ഷെ ഇവിടെ ഞാന്‍ ഡെഡ് സീ അതായത് ശവകടലെന്ന അര്‍ത്ഥത്തിലാണ് സെങ്കടല്‍ എന്ന പേരി നല്‍കിയിരിക്കുന്നത്. ജനങ്ങളെ കൊല്ലുന്ന കടല്‍. ഇവിടെ നല്ലൊരു ജീവിതം പ്രതീക്ഷിച്ചാണ് തമിഴ് മത്സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ കടലിലേക്ക് പോവുന്നത്.
ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആര്‍മി ക്യാമ്പിനേക്കാള്‍ കഷ്ടമാണെന്നര്‍ത്ഥം വരുന്ന ഒരു ഡയലോഗ് ചിത്രത്തിലുണ്ട്.
ശവം മണക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ കാക്കകളും പട്ടികളും മനുഷ്യമാംസം പ്രതീക്ഷിച്ചെത്തുന്നു. വായുവിന് പോലും മരണത്തിന്റെ മണം.
മത്സ്യത്തൊഴിലാളികളുടെ രക്തം നിറച്ച കടല്‍ എന്നും തലക്കെട്ടിനെ വ്യാഖ്യാനിക്കാം.
സെങ്കടലിന്റെ ചിത്രീകരണത്തിനിടെ ലീന മണിമേഖലയും സംഘവും
സെന്‍സര്‍ ബോര്‍ഡുമായി ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു അല്ലേ?
നിര്‍മാതാക്കളുമായും പ്രശ്‌നമുണ്ടായിരുന്നു. സമുദ്രക്കനിയെയായിരുന്നു ആദ്യം പ്രൊഡ്യൂസറാക്കിയത്. സിനിമാ മേഖലയിലെ മറ്റുള്ളവരും സ്വതന്ത്ര്യ സിനിമാ പ്രവര്‍ത്തനവും തമ്മില്‍ സംഘട്ടനം തുടങ്ങിയതിനെ തുടര്‍ന്ന് ഷൂട്ടിംഗ് ആരംഭിച്ച് ആറാം ദിവസം അദ്ദേഹം പിന്‍വലിഞ്ഞു.
പക്ഷെ ഷൂട്ടിംഗ് നിര്‍ത്താന്‍ എനിക്ക് കഴിയുമായിരുന്നില്ല. എനിക്കറിയാവുന്ന എല്ലാവരോടും ഞാന്‍ യാചിച്ചു, ബന്ധുക്കളോടും, സുഹൃത്തുക്കളോടുമൊക്കെ, ഒന്നു സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. 11 ദിവസം കഴിഞ്ഞപ്പോള്‍ കയ്യിലുണ്ടായിരുന്ന മുഴുവന്‍ കാശും തീര്‍ന്നു. അങ്ങനെ ഞങ്ങള്‍ ചിത്രീകരണം അവസാനിപ്പിച്ച് ചെന്നൈയിലേക്ക് മടങ്ങി.
സഹായം അഭ്യര്‍ത്ഥിച്ച് എ.ആര്‍ റഹ്മാന്‍ സ്റ്റുഡിയോയുടെ ചീഫ് എഞ്ചിനിയറുടെ ഭാര്യ ജാനകി ശിവകുമാറിനെയും ഞാന്‍ സമീപിച്ചിരുന്നു. പണം ഒപ്പിച്ച് തന്ന് അവര്‍ എന്നെ സഹായിക്കുകയും ഈ ചിത്രത്തിന്റെ നിര്‍മാതാവാകുകയും ചെയ്തു. അവരുടെ പിന്‍ബലത്തിലാണ് ബാക്കി ഷൂട്ടിംഗ് നടന്നത്.
പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ ഏഴെട്ട് മാസം പിന്നേയുമെടുത്തു. 2011 ജനുവരിയിലാണ് ചിത്രം പൂര്‍ത്തിയായത്.
ഞാന്‍ അപ്പല്ലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചു. സെങ്കടല്‍ വീണ്ടും പരിശോധിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് അവര്‍ നിര്‍ദേശം നല്‍കി. ലീല സാംസണായിരുന്നു സി.ബി.എഫ്.സിയുടെ ഹെഡ്. അങ്ങനെ ചിത്രത്തിലെ ഒരു ഭാഗം പോലും മുറിക്കാതെ എ. സര്‍ട്ടിഫിക്കറ്റോട് കൂടി അവര്‍ പ്രദര്‍ശനാനുമതി തന്നു.
അതിനുശേഷം സെങ്കടല്‍ നിരവധി അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കയും അവാര്‍ഡുകള്‍ നേടുകയും ചെയ്തു. അല്ലേ..
32ാമത് ഡര്‍ബന്‍ അന്തര്‍ദേശീയ ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 35ാമത് വേള്‍ഡ് മോണ്‍ട്രിയല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ടോക്കിയോ ഇന്റര്‍നാഷണല്‍ വുമണ്‍ ഫിലിം ഫെസ്റ്റിവെലില്‍ എന്‍.ഡബ്ലു.എ.എഫ്.എഫ് അവാര്‍ഡ് നേടി.
മുംബൈ ഫിലിം ഫെസ്റ്റിവെലിലുണ്ടായിരുന്ന ഏക ഇന്ത്യന്‍ ചിത്രം സെങ്കടലായിരുന്നു. ഫ്രാന്‍സിലെ ഇന്റര്‍നാഷണല്‍ ഫിഷര്‍മാന്‍സ് ഫിലിം ഫെസ്റ്റിവെലിലെ ഓപ്പണിംഗ് ചിത്രം ഇതായിരുന്നു. അവര്‍ ചിത്രത്തിലെ ഫ്രഞ്ചില്‍ സബ്‌ടൈറ്റില്‍ നല്‍കുകയും ചെയ്തു.
ഐ.എഫ്.എഫ്.ഐ ഗോവയില്‍ ഇന്ത്യന്‍ പനോരമയിലേക്കുള്ള ഏക തമിഴ് ചിത്രമായി സെങ്കടല്‍ തിരഞ്ഞെക്കപ്പെട്ടപ്പോള്‍ എന്താണ് തോന്നിയത്?
വളരെ സന്തോഷം അത്ഭുതവും തോന്നി. കാരണം ഇന്ത്യന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രാഷ്ട്രീയ സിനിമയാണിത്. സര്‍ക്കാര്‍ അതിനെ മികച്ച തമിഴ് ചിത്രമായി തിരഞ്ഞെടുക്കുമ്പോള്‍ ഇവിടെ ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെന്ന പ്രതീക്ഷയാണുണ്ടായത്.
ഗോവയിലെ റസ്‌പോണ്‍സ് എങ്ങനെയായിരുന്നു?
വളരെ നല്ലതായിരുന്നു. ഈ പ്രശ്‌നത്തെ പറ്റി സംസാരിക്കാന്‍ ഈ സിനിമയെനിക്ക് അവസരം തന്നു. രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളിലുമുള്ള മത്സ്യത്തൊഴിലാളികള്‍ ഇതേ പ്രശ്‌നം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
സിനിമയോട് തമിഴ്ചലച്ചിത്രലോകത്തിന്റെ പ്രതികരണം എങ്ങനെയാണ്?
ഇങ്ങനെയാണ് അവര്‍ പ്രതികരിച്ചത്: ചെന്നൈ ഫിലിം ഫെസ്റ്റിവെലില്‍ ഗോവ മേളയില്‍ ഇന്ത്യന്‍ പനോരമയില്‍ കാണിച്ച സെങ്കടല്‍ ഒഴിച്ചുള്ള എല്ലാ ചിത്രങ്ങളും കാണിച്ചു. അവര്‍ക്ക് പേടിയാണ് കാരണം ഈ സിനിമ രാഷ്ട്രീയമാണ് കൈകാര്യം ചെയ്തത്. ആ ഫെസ്റ്റിവെലിലെ സെന്‍സര്‍ഷിപ്പാണ് എന്നില്‍ ദേഷ്യമുണ്ടാക്കിയത്.
ഫിലിം ഫെസ്റ്റിവെലുകള്‍ സാധാരണയായി കാണിക്കാറുള്ളത് പ്രകോപിപ്പിക്കുന്ന സിനിമകളാണ്. നമുക്ക് നമ്മുടെ സ്വാതന്ത്ര്യം കാണിക്കാന്‍ പറ്റുന്ന ഒരേയൊരിടവും അതാണ്. അതിനാല്‍ ചെന്നൈ ഫിലിം ഫെസ്റ്റിവെലിന്റെ ആദ്യദിനം തന്നെ ഞാന്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തിനുശേഷം സിനിമ പ്രദര്‍ശിപ്പിച്ചു.
എപ്പോഴാണ് ചിത്രം റിലീസ് ചെയ്യാനുദ്ദേശിക്കുന്നത്?
ചിത്രം ഞാന്‍ ഇന്റര്‍നെറ്റിലൂടെ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അവിടെ തിയ്യേറ്ററുകളുടേയും ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെയുമൊന്നും ഭീഷണിയുണ്ടാവില്ലല്ലോ. സോഷ്യല്‍ മീഡിയകളിലൂടെ ഞാന്‍ ചിത്രം പ്രമോട്ട് ചെയ്യും.
മൊഴിമാറ്റം: ജിന്‍സി ബാലകൃഷ്ണന്‍