| Monday, 5th December 2022, 9:30 am

താങ്ക് യൂ സീസേ... താങ്ക് യൂ സെനഗല്‍...

സ്പോര്‍ട്സ് ഡെസ്‌ക്

2022 ഖത്തര്‍ ലോകകപ്പില്‍ നിന്നും ആഫ്രിക്കന്‍ നേഷന്‍സ് ചാമ്പ്യന്‍മാരായ സെനഗല്‍ പുറത്തായിരിക്കുകയാണ്. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെട്ടാണ് സെനഗല്‍ ലോകകപ്പ് ക്യാമ്പെയ്‌നിനോട് വിടപറയുന്നത്.

ലോകകപ്പിന് മുമ്പ് തന്നെ സെനഗലിന് വമ്പന്‍ തിരിച്ചടിയേറ്റികുന്നു. സൂപ്പര്‍ താരം സാദിയോ മാനെയെ പരിക്ക് പിറകോട്ട് വലിച്ചതോടെ സെനഗലിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് മേല്‍ കൂടിയായിരുന്നു കരിനിഴല്‍ വീണത്.

എന്നാല്‍ മാനെയില്ലാതെയും അവര്‍ പൊരുതി. ഗ്രൂപ്പ് എയില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി അവര്‍ നോക്ക് ഔട്ട് സ്റ്റേജിലേക്ക് യോഗ്യത നേടി. എന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന് മുമ്പില്‍ കാലിടറിയതോടെ ആഫ്രിക്കയുടെ മണ്ണില്‍ നിന്നുള്ള ആദ്യ ലോകചാമ്പ്യന്‍മാര്‍ എന്ന മോഹം അടുത്ത ലോകകപ്പിലേക്ക് മാറ്റിവെച്ച് അവര്‍ പടിയിറങ്ങി.

2002ന് ശേഷം ആദ്യമായാണ് സെനഗല്‍ നോക്ക് ഔട്ട് സ്‌റ്റേജിലേക്ക് യോഗ്യത നേടുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് എച്ചില്‍ മൂന്നാം സ്ഥാനക്കാരായതോടെ പോളണ്ടിനൊപ്പം റഷ്യയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

2002ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചതാണ് ലോകകപ്പില്‍ സെനഗലിന്റെ ഏറ്റവും വലിയ നേട്ടം. അന്ന് റൗണ്ട് ഓഫ് സിക്‌സറ്റീനില്‍ സ്വീഡനെ തോല്‍പിച്ച് മുന്നേറിയ സെനഗല്‍ ക്വാര്‍ട്ടറില്‍ തുര്‍ക്കിയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുകയായിരുന്നു.

അന്ന് ക്യാപ്റ്റന്റെ റോളില്‍ സെനഗലിനെ നയിച്ച അല്യൂ സീസെ ഇത്തവണ കോച്ചിന്റെ റോളിലായിരുന്നു സെനഗലിനൊപ്പം ചേര്‍ന്നത്. കോച്ചായും ക്യാപ്റ്റനായും സെനഗലിനെ നോക്ക് ഔട്ട് സ്‌റ്റേജിലെത്തിച്ച ഏക താരമായിരുന്നു സീസേ. സെനഗലിന്റെ ലോകകപ്പ് ഹീറോ.

ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സെനഗല്‍ ഡഗ് ഔട്ടില്‍ സീസേ ഉണ്ടാകില്ലെന്ന് പോലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അസുഖ ബാധിതനായിരുന്ന സീസെ എങ്കിലും ടീമിനൊപ്പം മൈതാനത്തെത്തിയിരുന്നു.

പ്രീ ക്വാര്‍ട്ടറിന്റെ 35ാം മിനിട്ടില്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍ ഗോള്‍ നേടിയപ്പോള്‍ ആവശത്തിന്റെ കൊടുമുടി കയറിയ ഇംഗ്ലണ്ട് മാനേജര്‍ ഗാരത് സൗത്ത്‌ഗേറ്റിന് നേരെ ക്യാമറ പാന്‍ ചെയ്യിച്ചപ്പോള്‍ ആ ഫ്രെയിമില്‍ മറ്റൊരാള്‍ കൂടി ഉള്‍പ്പെട്ടിരുന്നു.

സാരമില്ല, ശാന്തമായി കളിക്കൂ, ഫോക്കസ് ചെയ്ത് കളിക്കൂ എന്ന് തന്റെ കുട്ടികളെ ഉപദേശിക്കുന്ന സീസെയായിരുന്നു അത്. ഒന്നുമില്ലായ്മയില്‍ നിന്നും സെനഗലിനെ ആഫ്രിക്കയുടെ ചാമ്പ്യന്‍മാരാക്കിയപ്പോഴും അതേ ശാന്തതയായിരുന്നു സീസെയുടെ മുഖത്തുണ്ടായിരുന്നത്.

മാനെയില്ലെങ്കില്‍ സെനഗല്‍ ഒന്നുമല്ലെന്ന് വിധിയെഴുതിയവരുടെ മുമ്പില്‍ അയാള്‍ സെനഗലിനെ ജയിപ്പിച്ചു കാണിച്ചു. മാനെ പോയാല്‍ സെനഗല്‍ ടീം ഒന്നുമല്ലെന്ന് പുച്ഛിച്ചവരുടെ മുമ്പില്‍ സെനഗല്‍ ഒരു ടീമായി ജയിച്ചു കയറി. അപ്പോഴും അവര്‍ ആ ജയം മാനേക്കായി സമര്‍പ്പിച്ചു.

ഈ ലോകകപ്പില്‍ നിന്നും പുറത്തായെങ്കിലും തലയുയര്‍ത്തി തന്നെയാണ് സെനഗല്‍ മടങ്ങുന്നത്. 2026 ലോകകപ്പില്‍ ആഫ്രിക്കയുടെ കരുത്തായി സെനഗല്‍ വീണ്ടുമെത്തുമെന്ന വിശ്വാസത്തില്‍ ഫുട്‌ബോള്‍ ആരാധകര്‍ ഇപ്പോഴവരെ യാത്രയാക്കുകയാണ്.

Content Highlight: Senegal’s exit from 2022 World Cup

We use cookies to give you the best possible experience. Learn more