| Friday, 18th November 2022, 8:38 am

ഖത്തറില്‍ മാനെ ഉണ്ടാകില്ല; ലോകകപ്പിന് മുമ്പ് സെനഗലിന് വമ്പന്‍ തിരിച്ചടി

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിന് മുമ്പ് വീണ്ടും വില്ലനായി പരിക്ക്. സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെ പരിക്കേറ്റ് ലോകകപ്പില്‍ നിന്നും പുറത്തായിരിക്കുകയാണ്. സെനഗല്‍ ഫുട്‌ബോള്‍ ഫെഡറേഷനും ബയേണ്‍ മ്യൂണിക്കും ഇക്കാര്യം സ്ഥിരീകരിച്ചു.

നേരത്തെ താരം സെനഗലിന് വേണ്ടി ഖത്തറില്‍ ബൂട്ട് കെട്ടും എന്ന റിപ്പോര്‍ട്ടുകളായിരുന്നു പുറത്ത് വന്നിരുന്നത്. താരത്തെ സെനഗല്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍, വ്യാഴാഴ്ച ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നതോടെ താരത്തിന് ലോകകപ്പ് നഷ്ടമാകുകയായിരുന്നു.

നവംബര്‍ എട്ടിന് ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക് – വേഡര്‍ ബ്രെമന്‍ മത്സരത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്.

ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നേടിക്കൊടുത്താണ് മാനെ സെനഗലിനെ വീണ്ടും ഫുട്‌ബോള്‍ ലോകത്തിന് മുമ്പില്‍ ഒരിക്കല്‍ക്കൂടി തലയുര്‍ത്തി നിര്‍ത്തിയത്. ലോകകപ്പ് യോഗ്യത നേടുന്നതിലും ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നേടുന്നതിലും താരം വഹിച്ച പങ്ക് ചെറുതല്ലായിരുന്നു.

താരത്തിന്റെ അഭാവം ലോകകപ്പില്‍ ടീമിന് തിരിച്ചടിയാകുമെന്നുറപ്പാണ്.

ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് സെനഗല്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഖത്തര്‍, ഇക്വഡോര്‍, നെതര്‍ലന്‍ഡ്‌സ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

നവംബര്‍ 21നാണ് ലോകകപ്പില്‍ സെനഗലിന്റെ ആദ്യ മത്സരം. നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍.

Content highlight: Senegal confirm Sadio Mane is out of 2022 World Cup with injury

We use cookies to give you the best possible experience. Learn more