ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആവേശകരമായ പതിനാറാം സീസണിന് കൊടിയേറിയിരിക്കുകയാണ്. സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ് വിജയം സ്വന്തമാക്കിയിരിക്കുകയാണ്.
ഗയ്ക്വാദ് 50 പന്തിൽ നേടിയ 92 റൺസിന്റെ അകമ്പടിയോടെയാണ് ചെന്നൈ സൂപ്പർ കിങ്‌സ് തങ്ങളുടെ ടീം ടോട്ടൽ 178 എന്ന സ്കോറിലേക്കെത്തിച്ചത്.
വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് 63 റൺസെടുത്ത ശുഭ്മാൻ ഗില്ലിന്റെ മികവിൽ ചെന്നൈയെ മറികടക്കുകയായിരുന്നു.
എന്നാൽ മത്സരത്തിൽ ചെന്നൈക്കായി വളരെ മോശം പ്രകടനം കാഴ്ചവെച്ച അമ്പാട്ടി റായിഡുവിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ശക്തമാവുകയാണ്.
37 വയസുകാരനായ താരം ഗുജറാത്ത് ബോളിങ് നിരക്കെതിരെ ശരിക്കും റൺസ് നേടാൻ കഷ്ടപ്പെടുന്നുണ്ടായിരുന്നു.
6.25 കോടി രൂപ നൽകിയാണ് റായിഡുവിനെ ചെന്നൈ സൂപ്പർ കിങ്‌സ് അവരുടെ ക്യാമ്പിലെത്തിച്ചിരുന്നത്. 13 മത്സരങ്ങളിൽ നിന്നും 122.32 റൺസ് ശരാശരിയിൽ 274 റൺസാണ് ചെന്നൈ സൂപ്പർ കിങ്സിനായി റായിഡു സ്വന്തമാക്കിയത്.
“സോറി ചെന്നൈ നിങ്ങൾ റായിഡുവിനെ വിരമിച്ചവരുടെ ക്രിക്കറ്റ് ടീമിലേക്ക് കളിക്കാൻ അയക്കുന്നതാവും നല്ലത്, “റായിഡുവിന്റെ കാലം കഴിഞ്ഞെന്നാണ് എനിക്ക് തോന്നുന്നത്, “ഞങ്ങളുടെ ക്ലബ്ബിൽ നിന്നും റായിഡു ഇറങ്ങിപ്പോണം, ‘റായിഡു ഉടൻ വിരമിക്കുമെന്നാണ് എനിക്ക് തോന്നുന്നത്, തുടങ്ങിയ തരത്തിലുള്ള പോസ്റ്റുകളും കമന്റുകളുമാണ് താരത്തെ വിമർശിച്ച് കൊണ്ട് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.
അതേസമയം പഞ്ചാബും കൊൽക്കത്തയും തമ്മിലാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ അടുത്തതായി ഏറ്റുമുട്ടുന്നത്. ഏപ്രിൽ ഒന്നിനാണ് മത്സരം. ലഖ്നൗവും ദൽഹിയും തമ്മിലും ഇന്ത്യൻ പ്രീമിയർ ലീഗിൽ അന്നേ ദിവസം മത്സരമുണ്ട്.\
Content Highlights:Send Rayudu to the Legends cricket fans trolls Ambati Rayudu