ന്യൂദല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ അഫ്ഗാനിലെ സ്ത്രീകളുടെ കാര്യത്തെക്കുറിച്ച് വേവലാതിപ്പെടുകയാണെന്ന എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയുടെ പ്രതികരണത്തിനെതിരെ കേന്ദ്രമന്ത്രി ശോഭ കരന്തലജെ. അഫ്ഗാനിലെ സ്ത്രീകളെ രക്ഷിക്കാന്‍ ഉവൈസിയ്ക്കാണ് കൂടുതല്‍ സാധിക്കുകയെന്ന് ശോഭ പറഞ്ഞു.
‘ഉവൈസിയെ അഫ്ഗാനിലേക്ക് അയക്കുകയാണ് നല്ലത്. അവരുടെ സമുദായത്തേയും അവരുടെ സ്ത്രീകളേയും ഉവൈസിയ്ക്കായിരിക്കും രക്ഷിക്കാന്‍ കഴിയുക,’ ശോഭ പറഞ്ഞു.
നേരത്തെ ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുകയാണെന്ന് ഉവൈസി പറഞ്ഞിരുന്നു. ഒമ്പത് പെണ്‍കുട്ടികളില്‍ ഒരാള്‍ വീതം രാജ്യത്ത് അഞ്ച് വയസാകുമ്പോഴേക്ക് മരണപ്പെടുന്നുണ്ടെന്ന് ഉവൈസി പറഞ്ഞിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിന് പകരം അഫ്ഗാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിലാണ് ആശങ്കപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഉവൈസിയുടെ ഈ പ്രസ്താവനയോടാണ് കേന്ദ്രമന്ത്രി, അദ്ദേഹത്തെ അഫ്ഗാനിലേക്കയക്കണം എന്ന് പറഞ്ഞത്.
നേരത്തെ ഇന്ധന വില വര്‍ധനവിനെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോടും അഫ്ഗാനിസ്ഥാനില്‍ പോകാന്‍ മറ്റൊരു ബി.ജെ.പി നേതാവ് പറഞ്ഞിരുന്നു.
അമ്പത് രൂപയ്ക്ക് പെട്രോള്‍ കിട്ടണമെങ്കില്‍ താലിബാനിലേക്ക് പോകണമെന്നും അവിടെ നിന്ന് കുറഞ്ഞ വിലയ്ക്ക് പെട്രോള്‍ അടിക്കാന്‍ പറ്റുമെന്നാണ് ബി.ജെ.പി നേതാവ് രാംരത്ന പയാല്‍ പറഞ്ഞത്.
” താലിബാനിലേക്ക് വിട്ടോ. അഫ്ഗാനിസ്ഥാനില്‍ ഒരു ലിറ്റര്‍ പെട്രോള്‍ 50 രൂപയ്ക്ക് വില്‍ക്കുന്നുണ്ട്. അവിടെ പോയി നിങ്ങള്‍ പെട്രോള്‍ അടിച്ചോ , അവിടെ (അഫ്ഗാനിസ്ഥാന്‍) ഇന്ധനം നിറയ്ക്കാന്‍ ആരും ഇല്ല. കുറഞ്ഞത് ഇവിടെ (ഇന്ത്യ) സുരക്ഷയെങ്കിലും ഉണ്ട്,” രാംരത്ന പയാല്‍ പറഞ്ഞു.