national news
'രണ്ട് അധ്യാപകരുമായി 40-50 വിദ്യാർത്ഥികളെ അയയ്ക്കുക'; എ.ബി.വി.പി റാലിക്കായി പൂഞ്ച് വിദ്യാഭ്യാസ വകുപ്പിന് ജമ്മു കശ്മീർ സർക്കാരിൻ്റെ ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 24, 10:09 am
Friday, 24th January 2025, 3:39 pm

ജമ്മു: എ.ബി.വി.പി പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ നിർബന്ധിച്ച് ജമ്മു കശ്മീർ ഭരണകൂടം. ജനുവരി 23ന് ജമ്മു കശ്മീരിലെ പൂഞ്ചിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് സംഘടിപ്പിച്ച തിരംഗ റാലിയിൽ നിരവധി വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തിരുന്നു. റാലിക്ക് ഒരു ദിവസം മുമ്പ്, ജമ്മു കശ്മീർ ഭരണകൂടം പൂഞ്ച് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിനോട് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തം ഉറപ്പാക്കാൻ ഉത്തരവിടുകയായിരുന്നു.

വിദ്യാഭ്യാസത്തെ ഒരു പ്രചരണ ഉപകരണമായി ഉപയോഗിക്കുകയാണെന്നും നാഷണൽ കോൺഫറൻസ് സർക്കാർ വിദ്യാർത്ഥികളെ എ.ബി.വി.പിയുടെ പ്രത്യയശാസ്ത്ര പരിപാടിയിൽ പങ്കെടുക്കാൻ നിർബന്ധിക്കുകയാണെന്നും ആരോപിച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പ്രതിഷേധിച്ചു.

പൂഞ്ച് ജില്ലയിലെ ആദിവാസി വിദ്യാർത്ഥികളുടെ ഒരു പ്രമുഖ അസോസിയേഷനും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിലെ വിദ്യാഭ്യാസ വകുപ്പിൻ്റെ പ്രവർത്തനത്തെക്കുറിച്ചും വിമർശനങ്ങൾ നേരിടുന്ന മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ ഫലപ്രാപ്തിയെക്കുറിച്ചും റാലി ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.

പിന്നാലെ ജനുവരി 24 വെള്ളിയാഴ്ച, പൂഞ്ച് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ചീഫ് എഡ്യൂക്കേഷൻ ഓഫീസർക്ക് എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തു.

ജനുവരി 23 വ്യാഴാഴ്ച ഭരണകക്ഷിയായ ബി.ജെ.പിയുടെ വിദ്യാർത്ഥി വിഭാഗമായ എ.ബി.വി.പി നടത്തിയ തിരംഗ റാലിയിൽ രണ്ട് അധ്യാപകർക്കൊപ്പം 40 മുതൽ 50 വരെ വിദ്യാർത്ഥികളെ അയയ്ക്കാൻ ജനുവരി 22 ബുധനാഴ്ച അയച്ച കത്തിൽ  നിർദ്ദേശിച്ചു.

പൂഞ്ച് ഡിഗ്രി കോളേജിൽ നിന്നാരംഭിച്ച റാലി നഖവാലി റോഡ്, സിറ്റി ചൗക്ക്, ഖിലാ മാർക്കറ്റ് എന്നിവിടങ്ങളിലൂടെ പോയി കോളേജ് മൈതാനത്ത് തിരിച്ചെത്തിയതായി ഭാരവാഹികൾ പറഞ്ഞു. നൂറുകണക്കിന് കുട്ടികളും ജില്ലാ ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥരും റാലിയിൽ പങ്കെടുത്തു.

 

Content Highlight: ‘Send 40-50 Students With 2 Teachers’: J&K Govt’s Order to Poonch Education Dept for ABVP Rally