ന്യൂയോര്‍ക്ക്: യു.എസ് സര്‍വകലാശാലകളില്‍ നടന്ന ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളെ അപലപിച്ച ഇസ്രഈല്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു.എസ് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ്. കാമ്പസുകളിലെ സമരങ്ങളെ ജൂതവിരുദ്ധമെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്.
എന്നാല്‍ സമരങ്ങള്‍ ജൂതവിരുദ്ധമോ ഹമാസ് അനുകൂലമോ അല്ലെന്ന് ബെര്‍ണി സാന്‍ഡേഴ്‌സ് പറഞ്ഞു. ‘ഇത് ജൂതവിരുദ്ധമല്ല മിസ്റ്റര്‍ നെതന്യാഹു. ആറ് മാസത്തിനുള്ളില്‍ നിങ്ങളുടെ തീവ്രവാദ സര്‍ക്കാര്‍ 34,000 ഫലസ്തീനികളെ കൊല്ലുകയും 77,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്ന് ചൂണ്ടിക്കാട്ടുന്നത് ജൂതവിരുദ്ധമോ ഹമാസ് അനുകൂലമോ അല്ല,’ സാന്‍ഡേഴ്‌സ് പറഞ്ഞു.
യു.എസിലെ കാമ്പസുകളില്‍ നടന്ന പ്രതിഷേധത്തെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അപലപിച്ചതിന് പിന്നാലെയാണ് സാന്‍ഡേഴ്‌സിന്റെ പ്രതികരണം.
‘ബോംബാക്രമണത്തിൽ ഇസ്രഈല്‍ സൈന്യം ഗസയിലെ 2 ലക്ഷത്തിലധികം കെട്ടിടങ്ങള്‍ നശിപ്പിച്ചു. ഇസ്രഈല്‍ സര്‍ക്കാര്‍ ഗസയിലെ സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലതാക്കിയെന്ന് ചൂണ്ടിക്കാട്ടുന്നത് ജൂതവിരുദ്ധമല്ല. ഇസ്രഈല്‍ ഗസയുടെ ആരോഗ്യ സംവിധാനത്തെ ഉന്മൂലനം ചെയ്തുവെന്ന് പറയുന്നത് ജൂതവിരുദ്ധമല്ല. നെതന്യാഹു ഗവണ്‍മെന്റ് ഗസയിലെ 12 സര്‍വ്വകലാശാലകളും 56 സ്‌കൂളുകളും നശിപ്പിക്കുകയും 6 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നഷ്ടപ്പെടുകയും ചെയ്തു,’ സാന്‍ഡേഴ്‌സ് പറഞ്ഞു.
ഗസയിലേക്ക് വരുന്ന മാനുഷിക സഹായങ്ങള്‍ ഇസ്രഈല്‍ സര്‍ക്കാര്‍ അന്യായമായി തടഞ്ഞുവെച്ചത് വിമര്‍ശിക്കുന്നതും ജൂതവിരുദ്ധമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ ജനതയെ അപമാനിക്കാന്‍ നോക്കരുതെന്നും അദ്ദേഹം നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കി.
‘ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത ദ്രോഹം ചെയ്ത മതാന്ധതയുടെ നികൃഷ്ടവും വെറുപ്പുളവാക്കുന്നതുമായ രൂപമാണ് ആന്റിസെമിറ്റിസം. നിങ്ങള്‍ നേരിടുന്ന ക്രിമിനല്‍ കുറ്റാരോപണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ജൂതവിരുദ്ധത ഉപയോഗിക്കരുത്. നിങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് നിങ്ങള്‍ തന്നെയാണ് ഉത്തരവാദികള്‍ എന്ന് പറയുന്നത് ജൂതവിരുദ്ധതയല്ല,’ സാന്‍ഡേഴ്‌സ് പറഞ്ഞു.
യു.എസിലെ ക്യമ്പസുകളില്‍ നടക്കുന്ന സമരങ്ങള്‍ സെമിറ്റിക് വിരുദ്ധമാണെന്നാണ് നെതന്യാഹു പ്രതികരിച്ചത്. അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ജൂത വിരുദ്ധതയുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് തുടങ്ങിയ സംസ്ഥാനങ്ങളിലെ 21 സര്‍വകലാശാലകളിലാണ് ബുധനാഴ്ച ഫലസ്തീന്‍ അനുകൂല പ്രതിഷേധം നടന്നത്. സമരത്തില്‍ പങ്കെടുത്ത 80ലധികം ആളുകളെ യു.എസ് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Content Highlight: Senator slams Israeli premier over remarks on US college campuses