സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കി കേരള സര്‍വകലാശാല
Kerala News
സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കി കേരള സര്‍വകലാശാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th September 2024, 10:05 pm

തിരുവനന്തപുരം: സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കി കേരള സര്‍വകലാശാല. തുടര്‍ നടപടികള്‍ പിന്നീടെന്നും സര്‍വകലാശാല ഔദ്യോഗികമായി അറിയിച്ചു. സെനറ്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചിരുന്നു.

കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. ബാലറ്റുകള്‍ കാണാതായെന്ന ആരോപണത്തെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റിയിലെ സെനറ്റ് ഹാളില്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു.

15 ബാലറ്റുകള്‍ കാണാനില്ലെന്നായിരുന്നു ഇരുപക്ഷത്തിന്റെയും ആരോപണം. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് പി.എം. ആര്‍ഷോ ബാലറ്റ് വിഴുങ്ങിയത് കെ.എസ്.യു പ്രവര്‍ത്തകരാണെന്ന് ആരോപിച്ചിരുന്നു. കെ.എസ്.യു പ്രവര്‍ത്തകരും സമാനമായ ആരോപണം എസ്.എഫ്.ഐക്കെതിരെ ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവെക്കുകയായിരുന്നു.

വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യവും കെ.എസ്.യു ഉന്നയിച്ചിരുന്നു. സെനറ്റ് ഹാളിന് മുന്നില്‍ വലിയ പൊലീസ് സന്നാഹം തന്നെ ഉണ്ടായിരുന്നു. ഹാളിന് പുറത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകരും ഉള്‍വശത്തായി കെ.എസ്.യു പ്രവര്‍ത്തകരും മുദ്രാവാക്യങ്ങളുമായി പ്രതിഷേധം തുടര്‍ന്ന സാഹചര്യത്തിലാണ് പൊലീസിനെ വിന്യസിച്ചത്.

യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ മുഴുവന്‍ ജനറല്‍ സീറ്റിലും വിജയിക്കുകയായിരുന്നു. കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍പേഴ്‌സണായി കൊല്ലം എസ്.എന്‍ കോളേജിലെ എന്‍.സിമിയും തെരഞ്ഞെടുക്കപ്പെട്ടു.

തുടര്‍ന്ന് സെനറ്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുകയും ആദ്യ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയായതോടെ രണ്ട് സീറ്റുകള്‍ കെ.എസ്.യു നേടുകയുമുണ്ടായി. ഇതിനെ തുടര്‍ന്ന് എസ്.എഫ്.ഐ പ്രതിഷേധിക്കുകയും പിന്നാലെ ഇരുപക്ഷവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയുമായിരുന്നു.

സിജു സാമുവല്‍, സല്‍മാന്‍ മാനാപുറത്ത് എന്നിവരാണ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ.എസ്.യു പ്രവര്‍ത്തകര്‍.

Content Highlight: Senate election canceled by Kerala University